മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കുറവ്; ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവർ ആശങ്കയിൽ
1480753
Thursday, November 21, 2024 6:13 AM IST
സുൽത്താൻ ബത്തേരി: ബത്തേരിയിലെ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കുറവ് ടെസ്റ്റിനെത്തുന്നവരിൽ ആശങ്ക പടർത്തി. ഒരു എംവിഐയുടെ കീഴിൽ ഒരു ദിവസം 50 പേർക്ക് മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പാടുള്ളു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെസ്റ്റ് മാറ്റിവച്ച സാഹചര്യത്തിൽ നിലവിലുള്ള 50 പേർക്ക് പുറമേ മാറ്റിവച്ച ദിവസത്തെ 50 പേർകൂടി വന്നതോടെ ടെസ്റ്റ് നടക്കുമോ എന്നായിരുന്നു ആശങ്ക. എന്നാൽ വർക്ക് അറേഞ്ച്മെന്റിൽ ആർടിഒ യെ ചെക്ക് പോസ്റ്റിൽ നിന്ന് എംവിഐയെ കൊണ്ടുവന്ന് ടെസ്റ്റ് നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
നേരത്തെ രണ്ട് എംവിഐമാരുണ്ടായിരുന്ന ഇവിടെ നിന്ന് ഒരാളെ അതിർത്തി ചെക്ക് പോസ്റ്റിലേക്ക് മാറ്റിയതാണ് ടെസ്റ്റിനെത്തുന്നവർക്ക് വിനയായത്.
രണ്ട് മാസം മുന്പ് ടെസ്റ്റിന് അപേക്ഷ നൽകിയവർക്കാണ് ഇപ്പോൾ ടെസ്റ്റിനുള്ള തീയതി ലഭിച്ചത്. ഒരു എംവിഐയുടെ കീഴിൽ ഒരു ദിവസം 50 പേർക്കാണ് ടെസ്റ്റ് നടത്തുക. ഇതിൽ 25 പേർ ആദ്യ അപേക്ഷകരും 15 പേർ രണ്ടാം ചാൻസുകാരും 10 പേർ എമർജൻസി വിഭാഗത്തിൽപ്പെട്ടവരുമാണ്. മുൻപ് ബത്തേരിയിൽ രണ്ട് എംവിഐ ഉണ്ടായിരുന്നപ്പോൾ ഒരു ദിവസം 100 പേരുടെ ടെസ്റ്റായിരുന്നു നടന്നിരുന്നത്. മറ്റ് സ്ഥലങ്ങളിലെല്ലാം ആഴ്ചയിൽ നാല് ദിവസം വരെ ടെസ്റ്റ് ഉള്ളപ്പോൾ സുൽത്താൻ ബത്തേരി സബ് ആർടിഒ ഓഫീസിന് കീഴിൽ രണ്ട് ദിവസമാണ് ടെസ്റ്റ് ഉള്ളത്.