വാളത്തൂർ ചീരമട്ടം ക്വാറി: മണ്ണുമാന്തിയന്ത്രം കയറ്റുന്നത് തടഞ്ഞവരെ അറസ്റ്റുചെയ്തു നീക്കി
1278432
Friday, March 17, 2023 11:38 PM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂർ ചീരമട്ടത്ത് ക്വാറി ലൈസൻസ് അനുവദിച്ച സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രം കയറ്റാൻ ലൈസൻസിയുടെ ആളുകൾ നടത്തിയ ശ്രമം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം 50 ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ പത്തോടെ ചീരമട്ടത്ത് എത്തിയ മണ്ണുമാന്തി യന്ത്രം തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ മേപ്പാടി പോലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കി. 11 പേർക്കെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകുന്നേരം നാലോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പരിസ്ഥിതി ലോലവും 2019ൽ മണ്ണിടിച്ചിൽ ഉണ്ടായതും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി റെഡ് സോണിൽ ഉൾപ്പെടുത്തിയതുമായ പ്രദേശമാണ് വാളത്തൂർ ചീരമട്ടം. ഇവിടെ കരിങ്കൽ ഖനനത്തിനു പഞ്ചായത്ത് ലൈസൻസ് അനുവദിച്ചതിനെതിരേ സമരം നടത്തിവരികയാണ് ആക്ഷൻ കമ്മിറ്റി. ക്വാറി ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ തീരുമാനം ആയില്ല. ഇതിനിടെയാണ് ഇന്നലെ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം കയറ്റാൻ ലൈസൻസിയുടെ ഭാഗത്തുനിന്നു നീക്കം ഉണ്ടായത്. കരിങ്കൽ ഖനനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 31 വരെ ലൈസൻസിയുടെ ഭാഗത്തുനിന്നു നീക്കം ഉണ്ടാകാതിരിക്കുന്നതിനു ഇടപെടുമെന്ന് മേപ്പാടി എസ്എച്ച്ഒ ഉറപ്പുനൽകിയതായി ആക്ഷൻ കമ്മിറ്റി ചെയർമാൻ ചെയർമാൻ എം.എം. നഗീബ് പറഞ്ഞു.
ക്വാറി വിഷയത്തിൽ പുതിയ കളക്ടർക്ക് അടുത്ത ദിവസം പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചീരമട്ടത്ത് ക്വാറി പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി.