ഷൂട്ടിംഗ് ലൊക്കേഷനിൽ ജീവകാരുണ്യ പ്രവർത്തനവുമായി നടൻ മമ്മൂട്ടി
1278428
Friday, March 17, 2023 11:38 PM IST
പുൽപ്പള്ളി: വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ജീവകാരുണ്യ പ്രവർത്തനവുമായി നടൻ മമ്മൂട്ടി. തന്നെ കാണാൻ കബനി തീരത്തെ വെട്ടത്തൂർ കോളനിയിൽനിന്നു മടാപ്പറന്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ആദിവാസികൾക്ക് മമ്മൂട്ടി വസ്ത്രങ്ങൾ നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മുഖേനയയായിരുന്നു വസ്ത്രവിതരണം.
28 കുടുംബങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളാണ് നൽകിയത്. കബനി തീരത്തുള്ള വെട്ടത്തൂർ കോളനിയിൽനിന്നു മൂപ്പൻമാരായ ശേഖരൻ, ദെണ്ടുകൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രിയ നടനെ നേരിൽക്കാണാൻ ആദിവാസികൾ മടാപ്പറന്പിലെത്തിയത്. മൂപ്പൻമാർക്കും ഒപ്പമുള്ളവർക്കും ചലച്ചിത്രപ്രവർത്തകർ ലൊക്കേഷനിൽ സ്വീകരണം നൽകി.
ഫൗണ്ടേഷൻ മാനേജി ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു. ലൊക്കേഷനിൽ വരാത്ത കോളനിവാസികൾക്ക് ഫൗണ്ടേഷൻ പ്രതിനിധികൾ വെട്ടത്തൂരിലെത്തിയാണ് വസ്ത്രങ്ങൾ കൈമാറിയത്.