ജില്ലയിൽ മെഡിക്കൽ സമരം പൂർണം
1278427
Friday, March 17, 2023 11:38 PM IST
കൽപ്പറ്റ: ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരേ വർധിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം ജില്ലയിൽ പൂർണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിച്ചില്ല. എന്നാൽ സമരം അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര സർജറി എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചില്ല. കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിലെ 200 ഓളം പേരടക്കം 500 ഓളം ഡോക്ടർമാരാണ് സമരത്തിൽ പങ്കാളികളായത്.
സുരക്ഷിതമായും ഭീതിയില്ലാതെയും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരത്തിനു നിർബന്ധിതരായതെന്നു ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ.എം. ഭാസ്കരൻ, സംസ്ഥാന സമിതിയംഗം ഡോ.വി.ജെ. സെബാസ്റ്റ്യൻ, കൽപ്പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ.എം.പി. രാജേഷ്കുമാർ, കെജിഎംഒഎ പ്രതിനിധി ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചു ദിവസങ്ങളിൽ ഒന്ന് എന്ന തോതിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരേ അതിക്രമം നടക്കുന്നതായാണ് ഐഎംഎയുടെ പഠനത്തിൽ കണ്ടത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 200ൽ അധികം അതിക്രമങ്ങൾ ഉണ്ടായി. പല സംഭവങ്ങളിലും പ്രതികൾക്കെതിരേ കർശന നടപടി ഉണ്ടാകുന്നില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്തില്ല.
ആശുപത്രി സംരക്ഷണ നിയമം നിലവിലുണ്ട്. നിയമം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതുമാണ്. എന്നിട്ടും പോലീസ് ഉണർന്നു പ്രവർത്തിക്കുന്നില്ല. ഐഎംഎ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയതിനെത്തുടർന്ന്, ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരായ അതിക്രമങ്ങളിൽ സത്വര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകിയെങ്കിലും പ്രത്യേക ഫലം ഉണ്ടാകുന്നില്ല. നിർഭയമായും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ചില ഡോക്ടർമാർ തല്ലുകൊള്ളണ്ടവരാണെന്ന് നിയമസഭയിൽ ഒരു എംഎൽഎ പ്രസ്താവിച്ചത് ദൗർഭാഗ്യകരമാണ്.
ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് എംഎൽഎ നൽകിയത്. രോഗികളെ ചികിത്സിക്കുന്നതിനു നീക്കിവച്ചതാണ് ഡോക്ടർമാരുടെ ജീവിതം. ജോലിയിൽ ഗുരുതര വീഴ്ച വരുത്തുന്നവർക്കെതിരേ ഐഎംഎ കർശന നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലയിൽ ഒരു ഡോക്ടറുടെ മെഡിക്കൽ കൗണ്സിൽ രജിസ്ട്രേഷനടക്കം നഷ്ടമായത് അടുത്തകാലത്താണ്. ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായ അതിക്രമങ്ങളിൽ ശക്തമായി പ്രതികരിക്കാൻ പൊതുജനം തയാറാകണമെന്നും ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.