ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ബത്തേരിക്ക് നീട്ടുമെന്ന മന്ത്രിയുടെ പ്രസ്ഥാവന സ്വാഗതാർഹം: ആം ആദ്മി പാർട്ടി
1278426
Friday, March 17, 2023 11:38 PM IST
പുൽപ്പള്ളി: ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ സുൽത്താൻ ബത്തേരിക്ക് നീട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പുൽപ്പള്ളി മേഖല കമ്മിറ്റി അറിയിച്ചു.
എല്ലാ കാര്യത്തിലും കടുത്ത അവഗണന നേരിടുന്ന വയനാടിന്റെ വികസനത്തിന് പാത ഉപകരിക്കുമെന്നും എക്സ്പ്രസ് ഹൈവേ കടന്നു പോകുന്ന വനഭാഗത്തിനടിയിൽ കൂടി മൃഗങ്ങൾക്ക് സഞ്ചാരിക്കാവുന്ന വിധത്തിൽ ആക്കി ഇപ്പോഴുള്ള രാത്രികാല ഗതാഗത നിയന്ത്രണങ്ങൾ നീക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
അതോടൊപ്പം തളിപ്പുഴ - ചിപ്പിലിത്തോട് ബൈപാസും കൂടി നിർമിച്ച് വയനാട്ടുകാരുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി പുൽപ്പളളി, മുള്ളൻകൊല്ലി കമ്മിറ്റികൾ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.
മുള്ളൻകൊല്ലി പഞ്ചായത്ത് കണ്‍വീനർ ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് കണ്‍വീനർ ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. ഒ.എം. തോമസ്, കെ.സി. വർഗീസ്, അജി ഏബ്രാഹം, ഷാജി വണ്ടന്നൂർ, ഷിനോജ് കണ്ണംപള്ളി, സജി പനച്ചകത്തേൽ, എ.എം. ചാക്കോ എന്നിവർ പ്രസംഗിച്ചു.