വന്യജീവി പ്രതിരോധം: ജില്ലാ പഞ്ചായത്ത് ബജറ്റിൽ ഒരു കോടി
1278152
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: രൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം കാണുന്നതിനു ജില്ലാ പഞ്ചായത്ത് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. വന്യമൃഗ പ്രതിരോധത്തിനു പൊതുനിധി രൂപീകരിക്കും.
ത്രിതല പഞ്ചായത്തുകൾ, സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുകൾ, സിഎസ്ആർ ഫണ്ടുകൾ തുടങ്ങിയവ സംയോജിപ്പിച്ചുളള പൊതുനിധിയാണ് വന്യജീവി പ്രതിരോധത്തിനു രൂപീകരിക്കുക. വനം വകുപ്പ് തയാറാക്കുന്ന മാസ്റ്റർ പ്ലാനിലെ വന്യജീവി പ്രതിരോധ പദ്ധതികൾക്കായി തുക ചെലവിടുമെന്ന് ബജറ്റ് പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു പറഞ്ഞു. 66.88 രൂപ വരവും 66.53 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് ബജറ്റ്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനുമുള്ള പരിപാടികൾ ബജറ്റിൽ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഇടപെടലിന് ’സമഗ്ര’ എന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
സ്ത്രീകളുടെ വരുമാനവും തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിന് ’പെണ്മ’ പദ്ധതി നടപ്പാക്കും.
സ്ത്രീകളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് 2.5 കോടി രൂപ നീക്കിവച്ചു. നവജാത ശിശുക്കളും ഭിന്നശേഷി വിഭാഗത്തിലുമുളള കുട്ടികൾക്കായി ’കനിവ്’ പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി. കുട്ടികളുടെ വളർച്ചാവൈകല്യ ചികിത്സാപദ്ധതിയായ ’ആയുസ്പർശത്തിന് 40 ലക്ഷം രൂപ നീക്കിവച്ചു.
സമഗ്ര ആരോഗ്യ പുരോഗതി-നാലു കോടി, ഭവന നിർമാണം-6.5 കോടി, കൃഷി അനുബന്ധ പ്രവർത്തനം-3.6 കോടി, റോഡ് പ്രവൃത്തി-4.5 കോടി, മൃഗ സംരക്ഷണംക്ഷീര വികസനം-മൂന്നു കോടി, വനിത ഉന്നമനം-2.94 കോടി, കുടിവെളള പദ്ധതികൾ-രണ്ട് കോടി, ശുചിത്വം-മാലിന്യ സംസ്കരണം-രണ്ടു കോടി, ദാരിദ്യ്ര ലഘൂകരണം-ഒരു കോടി, വയോജന ക്ഷേമം-പെയിൻ ആൻഡ് പാലിയേറ്റീവ്-1.47 കോടി, കുട്ടികളുടെയും ഭിന്നശേഷികാരുടെയും ക്ഷേമം-1.47 കോടി എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തി.
നെൽ കർഷകരെ സഹായിക്കുന്ന നെൻമണി പദ്ധതി-3.5 കോടി, മില്ലറ്റ് കർഷകർക്ക് സഹായം-10 ലക്ഷം, ക്ഷീരസാഗരം-2.5 കോടി, സ്കൾ ലൈബ്രറി ശക്തീകരണം-1.5 കോടി, കാർബണ്‍ സ്റ്റഡി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തൽ-10 ലക്ഷം, കുടുംബശ്രീയുമായി ചേർന്ന് മാർക്കറ്റിംഗ് നെറ്റ്വർക്ക്-20 ലക്ഷം, ട്രാൻസ്ജെൻഡറുകൾക്ക് ഹോർമോണ്‍ ട്രീറ്റ്മെന്റ്-10 ലക്ഷം, പട്ടികവർഗ വിദ്യാർഥികൾക്ക് പരിശീലനവും തൊഴിലും- 20 ലക്ഷം തുടങ്ങിയവയും ബജറ്റ് നിർദേശങ്ങളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.