മലപ്പുറം സ്പോര്‍ട്ടിംഗ് ക്ലബ് എലൈറ്റ് ലീഗ് ചാമ്പ്യന്മാര്
1492595
Sunday, January 5, 2025 5:08 AM IST
മലപ്പുറം: ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കാരാടന്‍ ലാന്റസ് എലൈറ്റ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശ പോരാട്ടത്തില്‍ മലപ്പുറം സ്പോര്‍ട്ടിംഗ് ക്ലബ് ജേതാക്കളായി. ആറ് മത്സരങ്ങളില്‍ 15 പോയിന്റ് നേടിയാണ് മലപ്പുറം സ്പോര്‍ട്ടിംഗ് ക്ലബ് കിരീടം സ്വന്തമാക്കിയത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നടത്തുന്ന പ്രധാന ഫുട്ബോള്‍ മത്സരങ്ങളില്‍ ജില്ലയെ ഇനി മലപ്പുറം സ്പോര്‍ട്ടിംഗ് ക്ലബ് പ്രതിനിധീകരിക്കും. അവസാന മത്സരത്തില്‍ മഞ്ചേരി എന്‍എസ്എസ് കോളജിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മലപ്പുറം ചാമ്പ്യന്മാരായത്. അഞ്ചാം മിനിട്ടില്‍ ഹക്കീമും 41- ാം മിനിട്ടില്‍ അന്ഷിപ്പും 68-ാം മിനിട്ടില്‍ ഷാജിതും സ്പോര്‍ട്ടിംഗിനായി ഗോളുകള്‍ നേടി.
66-ാം മിനിട്ടില്‍ എന്‍എസ്എസിന്റെ റാജിഷ് ഒരു ഗോള്‍ മടക്കി. മാന്‍ ഓഫ് ദ പ്ലെയറായി മലപ്പുറം സ്പോര്‍ട്ടിംഗ് ക്ലബിന്റെ ഹക്കീമിനെ തെരഞ്ഞെടുത്തു. റോയല്‍ എഫ്സി മഞ്ചേരിയും ബാസ്കോ ഒതുക്കുങ്ങലും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാസ്കോ ഒതുക്കുങ്ങല്‍ വിജയിച്ചു. ഇതോടെ ബാസ്ക്കോ ഒതുക്കുങ്ങലിന് ആറു മത്സരങ്ങളില്‍ 13 പോയിന്റും റോയല്‍ എഫ്സി മഞ്ചേരിയ്ക്ക് 12 പോയിന്റും ലഭിച്ചു.
ബാസ്കോ ഒരുക്കങ്ങലാണ് റണ്ണറപ്പ്. റോയല്‍ എഫ്സി മഞ്ചേരിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. വിജയികള്‍ക്ക് പി. ഉബൈദുള്ള എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജലീല്‍ മയൂര അധ്യക്ഷത വഹിച്ചു. പ്രമുഖര്‍ പങ്കെടുത്തു.