ശ്രദ്ധയാകര്‍ഷിച്ച് ഡാര്‍ക്ക് റൂം
1492985
Monday, January 6, 2025 5:28 AM IST
എടക്കര: കാര്‍ഷിക വിജ്ഞാനത്തിന്റെയും വിപണനത്തിന്റെയും വര്‍ണക്കാഴ്ചകളുടെയും വസന്തമൊരുക്കിയ "നിറപൊലി 25’ കാര്‍ഷിക വിപണന മേളയില്‍ കാഴ്ച പരിമിതരുടെ ലോകം പരിചയപ്പെടുത്തി കെഎഫ്ബി ജില്ലാ കമ്മിറ്റി.
കാഴ്ച പരിമിതരുടെ ലോകമെന്താണെന്ന് പൊതുസമൂഹത്തെ പരിചയപ്പെടുത്തുകയും അതുവഴി കാഴ്ചയുടെ വില മനസിലാക്കി കൊടുക്കുന്ന ബോധവത്കരണമാണ് കേരള ഫെഡറേഷന് ഓഫ് ബ്ലൈൻഡ് (കെഎഫ്ബി) ജില്ലാ കമ്മിറ്റി മുട്ടിക്കടവ് ജില്ലാ വിത്തുകൃഷിത്തോട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇവര്‍ ഒരുക്കിയ ഡാര്‍ക്ക് റൂമാണ് ഏറെ ആകര്‍ഷകം.
കാഴ്ചയില്ലാത്ത ഒരാളുടെ ദൈനംദിന ജീവിതത്തിലെ അവസ്ഥകള്‍ കാഴ്ചയുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതാണ് ഡാര്‍ക്ക് റൂം. കാഴ്ചയില്ലാത്ത ഒരാള്‍ ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നതും സിനിമാ തീയറ്ററില്‍ പോകുന്നതുമായ അനുഭവം, കടല്ത്തീരത്തുകൂടിയും, വനത്തില്‍ കൂടിയും മാര്‍ക്കറ്റില്‍ കൂടിയും യാത്ര ചെയ്യുന്ന അനുഭവം, റെയില്‍പാത മുറിച്ചുകടക്കുന്ന അനുഭവം എന്നിവ ഡാര്‍ക്ക് റൂമിലൂടെ നേരിട്ട് മനസിലാക്കി കൊടുക്കുന്നു.
പതിനഞ്ച് മിനിട്ട് നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമാണ് ഡാര്‍ക്ക് റൂമില്‍ ഒരുക്കിയിട്ടുള്ളത്. എന്തിനെയും മറികടക്കാന്‍ കാഴ്പരിമിതര്ക്കാകുമെന്ന് തെളിയിക്കുന്നതാണ് ഇവരുടെ പ്രദര്‍ശന സ്റ്റാള്‍ വിവരിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ മറ്റ് ഇന്ദ്രിയങ്ങള്‍കൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പഠനത്തിനാവശ്യമായ ബ്രെയ്ലികള്, ബ്രെയ്ലി പുസ്തകങ്ങള്‍, ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രെയ്ലര്, മാത്തമാറ്റിക്സ് വിഷയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഗെയിംസ്, ചെസ് ബോര്‍ഡുകള്‍, ശബ്ദമുണ്ടാക്കുന്ന ക്രിക്കറ്റ് ബോള്‍, ഫുട്ബോള്‍ തുടങ്ങിയവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സാധാരണക്കാരെപ്പോലെ എന്തിനെയും മറികടക്കാന്‍ കാഴ്ചപരിമിതര്ക്കാകുമെന്ന് തെളിയിക്കുകയാണ് കെഎഫ്ബി തങ്ങളുടെ സൗജന്യ പ്രദര്‍ശന സ്റ്റാളിലൂടെ. ജില്ലാ സെക്രട്ടറി വി. ഫൈസല്‍, ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് സുധീര്‍, ജില്ലാ കമ്മിറ്റിയംഗം യൂനുസ്, നിലമ്പൂര്‍ താലൂക്ക് പ്രസിഡന്റ് പി. അഖില്‍, ജോയിന്റ് സെക്രട്ടറി ആസിഫ്, മാഹിന്‍ എന്നിവരാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.