മഞ്ചേരി ജനറല്‍ ആശുപത്രിക്കായി ടൗണ്‍ഹാള്‍ വിട്ടുനല്‍കാന്‍ തയാറെന്ന് നഗരസഭ
1492592
Sunday, January 5, 2025 5:08 AM IST
മഞ്ചേരി: ഏറെ ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുന്ന മഞ്ചേരി ജനറല്‍ ആശുപത്രിയുടെ നിലനില്‍പ്പ് പ്രശ്നത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി മഞ്ചേരി നഗരസഭ. നഗരസഭയുടെ അധീനതയിലുള്ള മുനിസിപ്പല്‍ ടൗണ്‍ഹാളിൽ ജനറല്‍ ആശുപത്രി ഒപി ആരംഭിക്കുന്നതിനായി താല്‍ക്കാലിക സൗകര്യം ഒരുക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തോടെയാണ് വിവാദങ്ങള്‍ക്ക് വഴിത്തിരിവുണ്ടാക്കിയത്.
ജനറല്‍ ആശുപത്രിയുടെ നിയന്ത്രണ ചുമതല മഞ്ചേരി നഗരസഭക്ക് നല്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 ജൂണ്‍ 14ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ജനറല്‍ ആശുപത്രിക്ക് താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇക്കാര്യം നഗരസഭ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ സന്നദ്ധത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡിഎംഒയെ അറിയിച്ചിരുന്നു. വിവരം ഡിഎംഒ, ആരോഗ്യവകുപ്പ് ഡയറക്ടറെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. നാളുകളേറെയായിട്ടും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ ഡയറക്ടര്‍ക്ക് വീണ്ടും കത്ത് നല്കാന് തീരുമാനിച്ച ഡിഎംഒ, നഗരസഭയുടെ നിലപാടില്‍ മാറ്റമുണ്ടോയെന്നറിയുന്നതിനായി കെട്ടിട സൗകര്യമൊരുക്കാന്‍ തയാറാണോയെന്ന് ആരാഞ്ഞ് കത്തയക്കുകയായിരുന്നു.
ഈ കത്തിന് മറുപടിയായാണ് നഗരസഭാ അധികൃതരുടെ പ്രഖ്യാപനം. ഡിഎംഒയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിനായി നാളെ രാവിലെ 11ന് അടിയന്തര കൗണ്‍സില്‍ യോഗം ചേരുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.