സന്ദർശകരുടെ മനം കവർന്ന് "നിറപൊലി ’
1492984
Monday, January 6, 2025 5:28 AM IST
എടക്കര: വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ചുങ്കത്തറ മുട്ടിക്കടവ് ജില്ലാ കൃഷിത്തോട്ടത്തില്‍ നടക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേള "നിറപൊലി 25’ സന്ദർശകരുടെ മനം കവരുന്നു. ജനുവരി രണ്ടിന് ആരംഭിച്ച കേരളത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക വപണന, പ്രദര്‍ശന മേളയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കാളികളായിക്കൊണ്ടിരിക്കുന്നത്.
കൃഷിയുടെ ബാലപാഠം മുതല്‍ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ വരെ പ്രതിപാദിക്കുന്ന മേള കൂടുതല്‍ കാര്‍ഷിക അറിവുകള്‍ നേടാനുള്ള അവസരം കൂടിയാണ് സന്ദര്‍ശകര്‍ക്ക് ഒരുക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കൃഷിവകുപ്പിന്റെ വിള ആരോഗ്യ ക്ലിനിക്കില്‍ വിവിധ വിളകളെ ബാധിക്കുന്ന രോഗങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവ കണ്ടുപഠിക്കാന്‍ അവസരമുണ്ട്. ഇതോടെപ്പം രോഗപ്രതിരോധ മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് നല്കുന്നു. "ആത്മ’യുടെ സ്റ്റാള്‍ കൃഷി മേഖലയില്‍ ആധുനികവത്കരണത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു.
മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കൃഷി കൂടുതല്‍ ആദായകരമാക്കാനുള്ള പാഠങ്ങളും പറഞ്ഞുതരുന്നു. കൂണ്‍കൃഷിയുടെ സാധ്യതകളാണ് എടവണ്ണ കൂണ്‍ഗ്രാമം പരിചയപ്പെടുത്തുന്നത്. കൂണ്‍പുര നിര്‍മാണം മുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കല്‍ വരെ മനസിലാക്കാം.
പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യയുടെ എണ്ണപ്പന കൃഷി, ബന്ധപ്പെട്ട ഉത്പന്നങ്ങള്‍, അവയുടെ മേന്മ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പ്രവര്‍ത്തിപ്പിക്കുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളില്‍ വിവിധയിനം വാഴകളുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍, വിത്തുകള്‍ തുടങ്ങിയവ ലഭ്യമാണ്. ശാസ്ത്രീയമായി പഴുപ്പിച്ച പഴവര്‍ഗങ്ങളും ഇവിടെ ലഭ്യമാണ്.
ഡയറി ഫാം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫാം ഡിസൈനിംഗിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ തയാറായുള്ള കമ്പനികളും മേളയിലുണ്ട്. വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനവും അവയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും സബ്സിഡി നിരക്കില്‍ യന്ത്രങ്ങള്‍ സ്വന്തമാക്കാനും കര്‍ഷകര്‍ക്ക് അവസരമുണ്ട്.
കാര്‍ഷിക രംഗത്തെ സൗര വൈദ്യുതീകരണം, പ്രാധാന്യം, നേട്ടങ്ങള്‍ എന്നിവ വിവരിക്കുന്ന അനര്‍ട്ടിന്റെ സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വീട്ടുമുറ്റത്തു മത്സ്യകൃഷി ഉള്‍പ്പെടെ ശുദ്ധജല മത്സ്യം വളര്‍ത്തലിനുള്ള വിവിധ പദ്ധതികളുമായി ഫിഷറീസ് വകുപ്പും രംഗത്തുണ്ട്.
വനംവകുപ്പിന്റെ വനശ്രീ ഇക്കോ ഷോപ്പില്‍ ഉള്‍വനങ്ങളില്‍ നിന്ന് ആദിവാസികള്‍ ശേഖരിച്ച ഔഷധ ഗുണമുള്ള തേനും മേളയില്‍ ലഭ്യമാണ്. ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേള ഇന്ന് അവസാനിക്കും.