പരിയാപുരത്ത് വീണ്ടും പുലി സാന്നിധ്യം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
1492584
Sunday, January 5, 2025 4:56 AM IST
പരിയാപുരം: പരിയാപുരം ചീരട്ടാമലയില്‍ വീണ്ടും പുലി സാന്നിധ്യം. ഇതേത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ധന്യരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി കാമറ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പുലിയെ കണ്ട വിവരം പ്രദേശവാസികളെ അറിയിച്ചത്.
പരിയാപുരം ചീരട്ടാമല റോഡില്‍ കുറ്റിക്കാട് രാജുവിന്റെ വീടിനു സമീപമാണ് പുലിയെ കണ്ടത്. തൊട്ടടുത്ത കുറ്റിക്കാട്ടില്‍നിന്ന് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായാണ് ബൈക്ക് യാത്രികന് പ്രദേശവാസികളോട് പറഞ്ഞത്. പ്രദേശത്തു നിന്നും നൂറ് മീറ്ററോളം മാറി താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ജെറിനും പുലിയെ കണ്ടതായി പറയുന്നു.
ആറുമാസം മുമ്പ് പ്രദേശത്ത് പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയായ സജി വെളിപ്പെടുത്തിയിരുന്നു. രണ്ടുദിവസമായി പ്രദേശത്ത് കുറുക്കന്മാരുടെയും തെരുവുനായ്ക്കളുടെയും സാന്നിധ്യം കുറവായത് പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ തെളിവാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ജനവാസം കുറഞ്ഞ മേഖലയാണ് പരിയാപുരം ചീരട്ടാമല ഭാഗം. ഏക്കര്‍ കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കാടുപിടിച്ച പറമ്പുകളില്‍ ഇത്തരം വന്യജീവികള്‍ക്ക് യഥേഷ്ടം സ്വൈര്യവിഹാരം നടത്താന്‍ കഴിയുന്ന അവസ്ഥയാണ്. പുലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. അധികൃതര്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.