സിദ്ദിഖിന്റെ കൃഷിയിടം വിടാതെ കാട്ടാന : മൂന്നാം ദിവസവും വ്യാപക നാശനഷ്ടം
1492983
Monday, January 6, 2025 5:28 AM IST
നിലമ്പൂര്‍: ചാലിയാറില്‍ കാട്ടാനയുടെ വിളയാട്ടം മൂന്നാം ദിവസവും. കര്ഷകന് സിദ്ദിഖ് കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചാലിയാര്‍ പഞ്ചായത്തിലെ പൂളപ്പെട്ടി സ്വദേശി നാലകത്ത് സിദ്ദിഖിന്റെ കൃഷിയിടത്തിലാണ് അപകടകാരിയായ ചുള്ളിക്കൊമ്പന് തുടര്‍ച്ചയായി മൂന്നാം ദിവസവും കൃഷി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി 12 വരെ സിദ്ദിഖ് കൃഷിയിടത്തില്‍ കാവലിരുന്നു.
പടക്കം പൊട്ടിച്ചും കൂകിവിളിച്ചും നില്‍ക്കുമ്പോഴാണ് തൊട്ടുപിറകില്‍ വാഴത്തോട്ടത്തില്‍ ചുള്ളിക്കൊമ്പനെ കണ്ടത്. ഇതോടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി 600 ലധികം നേന്ത്രവാഴകളും 200ലേറെ പൂവന്‍വാഴയും 500 ലേറെ കപ്പയും പൈനാപ്പിള്‍ കൃഷിയും നശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ സൗരവേലി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തില്‍ കയറി കൃഷി നശിപ്പിച്ചത്. ഇതിനാല്‍ ആനയെ പ്രതിരോധിക്കാന്‍ സൗര വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു. വാഴകള്‍ വേലിക്ക് മുകളിലേക്ക് തള്ളിയിട്ട ശേഷമാണ് ഞായറാഴ്ച പുലര്‍ച്ചെ കാട്ടാന കൃഷി നശിപ്പിച്ചത്.
കാഞ്ഞിരപ്പുഴ വനംസ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തില്‍ വനപാലകര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ മാസം വനപാലകന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത് കാഞ്ഞിരപ്പുഴ സ്റ്റേഷന് പരിധിയിലാണ്.
2008 ലെ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിത്ര അവാര്‍ഡ് ജേതാവായ സിദ്ദിഖിനെ കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചുങ്കത്തറയില്‍ ആദരിച്ചിരുന്നു. അന്ന് തന്നെ മന്ത്രിയോട് കൃഷി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും സിദ്ദിഖ് നല്‍കിയിരുന്നു.
മന്ത്രിയെ ഞായറാഴ്ച വിളിച്ചപ്പോള്‍ ഇന്‍ഷ്വറന്‍സ് ഉണ്ടോ എന്ന് ചോദിച്ചു. മറുപടി പറയും മുമ്പ് ഫോണ്‍വച്ചു. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തുമാണ് സിദ്ദിഖ് കൃഷി നടത്തുന്നത്. കടം വീട്ടാന്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കര്ഷകന്.