മുഖ്യമന്ത്രിക്ക് മറുപടി : തീവ്രവാദ കക്ഷികളെ കൂട്ടി "സാമ്പാര്‍’ വിളിമ്പിയത് സിപിഎം: കുഞ്ഞാലിക്കുട്ടി
1492583
Sunday, January 5, 2025 4:56 AM IST
മലപ്പുറം: താനൂരില്‍ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ ലീഗിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്.
മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ലീഗിനെ തോല്പിക്കാന് എല്ലാ തീവ്രവാദ കക്ഷികളെയും കൂട്ടി സാമ്പാര്‍ മുന്നണിയുണ്ടാക്കിയ ചരിത്രം സിപിഎമ്മിനാണെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. എല്ലാവരെയും കൂട്ടി സാമ്പാര്‍ വിളമ്പിയ താനൂരില്‍നിന്നു തന്നെ മുഖ്യമന്ത്രി ഇത് പറയണം.
ഒരിക്കലും തീവ്രവാദത്തോട് സന്ധി ചെയ്യാതെ നില്ക്കുന്ന ലീഗിനോടാണ് എല്ലാ തീവ്രവാദികളെയും ഒന്നിപ്പിച്ച സിപിഎം ഇത് പറയുന്നത്. എല്‍ഡിഎഫിന്റെ പരാജയമെന്ന ദുരന്തം മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അവസരത്തിനൊത്ത് വര്‍ഗീയ കാര്‍ഡ് മാറ്റുന്നവരാണ് സിപിഎം. ഒരിടത്ത് ഭൂരിപക്ഷ കാര്‍ഡിറക്കുമ്പോള്‍ മറ്റൊരിടത്ത് ന്യൂനപക്ഷ കാര്‍ഡ് കാണിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലിറങ്ങിയ പത്ര പരസ്യങ്ങളെല്ലാം അതിനുദാഹരണങ്ങളാണ്. മുസ്ലിംലീഗിനെതിരെ ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും അതിന്റെ ഭാഗമാണ്.
ഇതിനെ അതിജീവിക്കാനുള്ള കെല്പ് മുസ്ലിംലീഗിനുണ്ട്. മുസ്ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടികള്‍ വിഴുങ്ങിയെന്നു പറയുന്ന സിപിഎം, ദശകങ്ങളായി ഈ പാര്‍ട്ടിയുമായി ഡീലുണ്ടാക്കിയവരാണ്. ജനങ്ങള്‍ക്ക് അതെല്ലാം മനസിലാകും. ശക്തമായ ഭരണ വിരുദ്ധ മുന്നേറ്റം കേരളത്തിലുണ്ട്. അതിനെ വര്‍ഗീയത ആരോപിച്ച് മറയിടാനാണ് സിപിഎം ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട് പാക്കേജില്‍ ഇരകള്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കണമെന്നാണ് മുസ്ലിംലീഗിന്റെ അഭിപ്രായം. അതിനെ ഇപ്പോള്‍ രാഷട്രീയവത്കരിച്ചു കാണുന്നില്ല. ടൗണ്‍ഷിപ്പാണ് നിലവിലെ പ്ലാന്‍. ഒരോ സന്നദ്ധ സംഘടനകള്‍ക്കും അവരുടെ പ്ലോട്ട് വേര്‍തിരിച്ചു നല്‍കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
എന്നാല്‍, കാരാറുകാര്‍ പറയുന്ന തുക കൂടുതലാണെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളും. മുന്നിണി വിപുലീകരണം നിലവില്‍ ചര്‍ച്ചയിലില്ല. അതെല്ലാം തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന സമവാക്യങ്ങളാണ്. അതിനനുസരിച്ചെല്ലാം കാര്യങ്ങള്‍ മുന്നോട്ടുപോകും. ഇത്തരം കാര്യങ്ങളെല്ലാം മുന്നണി അഭിപ്രായം പറയേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.