പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ ബ്ലോക്കുകള്‍ ബന്ധിപ്പിച്ച് മേല്‍പ്പാലം : നടപടിയാരംഭിച്ചു
1492591
Sunday, January 5, 2025 5:08 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് മേല്‍പ്പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗത്തില്‍ നടപടികള്‍ ആരംഭിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ രണ്ടു ഭാഗങ്ങളിലായുള്ള ബ്ലോക്കുകളിലേക്ക് രോഗികള്‍ക്ക് അനായാസം കടന്നുപോകാന്‍ മേല്‍പ്പാലമോ അണ്ടര്‍പാസോ നിര്‍മിക്കണമെന്ന് ഏറെക്കാലത്തെ ആവശ്യമാണ്.
തിരക്കേറിയ ദേശീയപാത മറികടന്നു വേണം കുട്ടികളുടെ ബ്ലോക്കിലേക്ക് പ്രവേശിക്കേണ്ടത്. ഇത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.
പെരിന്തല്‍മണ്ണ വേങ്ങൂര്‍, പുത്തന്‍പള്ളി മേലാറ്റൂര്‍ റൂട്ടുകളിലും പൊന്ന്യാകുറുശി, കക്കൂത്ത് പെരിന്തല്‍മണ്ണ റൂട്ടിലും ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ജില്ലാ ആര്‍ടിഒയ്ക്ക് കത്ത് നല്‍കും. മാവേലി സ്റ്റോറുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചതായി സപ്ലൈകോ അധികൃതര്‍ യോഗത്തെ അറിയിച്ചു. ചെറുകര റെയില്‍വേ ഗേറ്റില്‍ നിന്ന് ചീരട്ടമലയിലേക്കുള്ള റോഡ് തകര്‍ച്ച നേരിടുന്നതായി എന്‍.പി. ഉണ്ണികൃഷ്ണന് യോഗത്തില്‍ അറിയിച്ചു.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പൊതുശ്മശാനത്തിലേക്കുള്ള റോഡ് സ്വകാര്യവ്യക്തി കൈയേറിയയെന്ന പരാതിയില്‍ നടപടി ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വില്ലേജുകളില്‍ ജനകീയ സമിതി യോഗങ്ങള്‍ നടക്കാറുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റു അംഗങ്ങളും പങ്കെടുക്കണമെന്നും തഹസില്‍ദാര്‍ ഹാരിസ് കപൂര്‍ അറിയിച്ചു.
യോഗത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഹാരിസ് കപൂര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം, വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, ഭൂരേഖ തഹസില്‍ദാര്‍ വേണുഗോപാലന്‍, താലൂക്ക്സഭ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.