തുവൂരില്‍ കേരഗ്രാമം പദ്ധതി
1492589
Sunday, January 5, 2025 5:08 AM IST
കരുവാരകുണ്ട്: തുവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സി.ടി. ജസീന നിര്‍വഹിച്ചു. കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കുക, കര്‍ഷകന്റെ വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി കാര്‍ഷികോത്പാദന ഉപാധികള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
നൂറ് ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നതിന് സഹായിക്കാന്‍ വിവിധ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 17500 തെങ്ങുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയിൽ 620 പേര് അംഗങ്ങളാണ്. തുവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം സൊസൈറ്റി രൂപീകരിച്ചാണ് ഇതിന്റെ നടത്തിപ്പ്. ഒരു വര്‍ഷം 2,56,700 രൂപയുടെ പദ്ധതികളാണ് ഇതിലൂടെ ലഭിക്കുക.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുള്ള തെങ്ങുകയറ്റ യന്ത്ര വിതരണം, മണ്ണ് പരിശോധന കാര്‍ഡ് വിതരണം എന്നിവയും നടന്നു.
കാളികാവ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുധ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സുബൈദ, ടി.എ.ജലീല്‍, എന്‍.പി.നിര്‍മല, കൃഷി ഓഫീസര്‍ എം.ഷഫീഖ്,
തുവൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് പി. സലാഹുദീന്‍, റൂറല്‍ സംഘം പ്രസിഡന്റ് അരിക്കുഴി നാരായണന്‍കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രസംഗിച്ചു. തുടര്‍ന്ന് കര്‍ഷക സഭയും നടത്തി.