വനം നിയമഭേദഗതി പുനഃപരിശോധിക്കണം: താലൂക്ക് വികസന സമിതി
1492986
Monday, January 6, 2025 5:28 AM IST
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനം നിയമഭേദഗതി പുനഃപരിശോധിക്കുകയോ ആവശ്യമെങ്കില്‍ റദ്ദ് ചെയ്യുകയോ വേണമെന്ന് നിലമ്പൂര്‍ താലൂക്ക് വികസന സമിതി യോഗം സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പാനായി ജേക്കബ് ആണ് പ്രമേയം അവതരിപ്പിച്ചത്. സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി.
നിലമ്പൂര്‍ മേഖലയിലെ ക്ലിനിക്കല്‍ ലാബുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ മൂത്തേടം പഞ്ചായത്തില്‍ നിന്ന് ചില പരാതികള്‍ സഭയിലേക്ക് ലഭിച്ചതായി അധ്യക്ഷ അറിയിച്ചു. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ചുള്ള പരിശോധന നടത്തിവരുന്നതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പാരാമെഡിക്കല്‍ അസോസിയേഷന് അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവരാണ് ലാബുകളില്‍ പരിശോധന നടത്തേണ്ടത്. എന്നാല്‍ ചില ലാബുകളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ ലാബ് പരിശോധന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ആരോഗ്യവകുപ്പ് പ്രതിനിധി സഭയില്‍ ആറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തും.
പുളിക്കലോടിയില്‍ റോഡരികിലുള്ള മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച് മമ്പാട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കും. ജല്‍ജീവന്‍ പദ്ധതിക്കായി ചാല് കീറുമ്പോള്‍ ജലനിധിയുടെ ൈപ്പുകള് പൊട്ടുന്നതായും വഴിക്കടവ് പഞ്ചായത്തില്‍ 700 ലധികം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയതായും ആക്ഷേപമുയര്‍ന്നു.
നിലമ്പൂര്‍ മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന ഗതാഗത തടസം തീര്‍ക്കാന്‍ അര്‍ടിഒ, പോലീസ്, പൊതുമരാമത്ത്, നിലമ്പൂര്‍ നഗരസഭ സംയുക്തമായി അടിയന്തര യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.വാഹന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ബോധവത്കരണ നടപടികള്‍ നടന്നുവരുന്നതായി ആര്‍ടിഒ ഓഫീസ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.