ഷാരോൺ വധക്കേസ്: വാദംപൂർത്തിയായി : വിധി 17ന്
1492459
Saturday, January 4, 2025 6:54 AM IST
നെയ്യാറ്റിന്‍കര : കാമുകനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികൾക്കെതിരെ 17 ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ 17 ന് വിധി പ്രസ്താവിക്കുക. കാമുകനായ ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒന്നാം പ്രതിക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനും ഉള്ള കുറ്റം തെളിഞ്ഞതായും ഒന്നാം പ്രതിയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻനായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
എന്നാൽ പ്രതികൾ നിരപരാധികൾ ആണെന്ന് വാദിച്ച പ്രതിഭാഗം ജ്യൂസ് ചലഞ്ചിന് മുമ്പായി പാരസെറ്റമോളിനെ കുറിച്ച് നടത്തിയ വെബ് സെർച്ച് ഒന്നാം പ്രതിക്ക് പനി ആയതുകൊണ്ടാണെന്നും വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഒന്നാംപ്രതി ആത്മഹത്യ ചെയ്യുന്നതിനായി പാരക്വറ്റ് എന്ന വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തതാണെന്ന വാദനവും മുന്നോട്ടു വച്ചു. മുഖം കഴുകാനായി ബാത്റൂമിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽ നിന്നും പോയി എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ ഇതൊക്കെ കെട്ടുകഥകൾ ആണെന്നും ഡിജിറ്റൽ, മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങള്‍ പ്രതികൾക്കെതിരെയുള്ള കുറ്റം പൂർണമായും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിനാസ്പദമായ കഷായം കുടിക്കല്‍ 2022 ഒക്ടോബര്‍ 14 നായിരുന്നു. സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക്ക് എന്ന മാരക വിഷം കലർത്തിയ ശേഷം ഗ്രീഷ്മ കഷായ ചലഞ്ച് നടത്തി കുടിപ്പിച്ചുവെന്നാണ് കേസ്.11 ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരണമടഞ്ഞു.
പ്രോസിക്യൂഷൻ ആശ്രയിക്കുന്നത് സാഹചര്യ തെളിവുകളെയാണ്. തിരുവനന്തപുരം റൂറൽ എസ്.പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്പി എം.കെ സുൽഫിക്കർ, ഡിവൈഎസ്പി മാരായ കെ.ജെ ജോൺസൺ, വി.ടി റാസിത്ത്, പാറശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണ ടീമിലുണ്ടായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. വി.എസ് നവനീത് കുമാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.