ഇനി അഞ്ചുനാൾ അനന്തപുരി : കലയുടെ തലസ്ഥാനം
1492456
Saturday, January 4, 2025 6:54 AM IST
തിരുവനന്തപുരം: കൗമാര കലാവേശത്തിന്റെ അലയൊലികൾക്ക് ഇനി നാല് രാപ്പകലുകൾ തലസ്ഥാനം വേദിയാകും. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറുന്നത് ഇന്നാണെങ്കിലും ഇന്നലെ തന്നെ നഗരത്തിലേക്ക് മത്സരാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒഴുക്ക് തുടങ്ങിയിരുന്നു. ഇതോടെ നഗരം കലാവേശത്തിന്റെ ആഘോഷത്തിരയിലേറി.
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ഇന്നലെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചതോടെ തലസ്ഥാന നഗരത്തിൽ കലയുടെ ഉത്സവ കാഹളം മുഴങ്ങിയത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം രാത്രി ഏഴോടെ സ്വർണ കപ്പും വഹിച്ചുള്ള ഘോഷയാത്ര നിയമസഭയ്ക്ക് മുന്നിലെത്തിയതോടെ നഗരം കലോത്സവ ലഹരിയിലായി. പി എം ജി ജങ്ഷനിൽ നിന്നും വിദ്യാർത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകന്പടിയോടെ ഘോഷയാത്രയായി കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ച സ്വർണ കപ്പ് മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി.
അധ്യാപകരും വിദ്യാർഥികളുമായി ആയിരത്തോളം പേരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ഇന്നലെ ഉച്ചയോടെ കലാപൂരത്തിന് മാറ്റു കൂട്ടാനെത്തിയ വിദ്യാർഥികളുടെ ആദ്യ സംഘത്തിനും റെയിൽവേ സ്റ്റേഷനിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്.
ആർപ്പുവിളികളോടെയും വാദ്യഘോഷത്തിന്റെയും അകന്പടിയോടെയാണ് സംഘാടകർ കുട്ടികളെ സ്വീകരിച്ചത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട എഴുപതോളം പേരടങ്ങുന്നതായിരുന്നു ആദ്യസംഘം. തൊട്ടുപിന്നാലെ വയനാട്ടിൽ നിന്നുള്ള കുട്ടികളുമെത്തി.
ചെണ്ടമേളത്തിന്റെ അകന്പടിയോടെ മാലയണിയിച്ച് മധുരം നൽകിയാണ് സംഘാടകർ കുട്ടികളെ സ്വീകരിച്ചത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, എം.എൽ.എമാരായ ആന്റണി രാജു, എം.വിൻസന്റ്, മേയർ ആര്യാ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ.ആർ.കുമാർ എന്നിവർ ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് പാല് കാച്ചലോടെ കലോത്സവത്തിന്റെ പാചകപ്പുര കൂടി ഉണർന്നതോടെ നഗരം ഉത്സവാന്തരീഷത്തിലായി
10,024 രജിസ്ട്രേഷൻ, 5,000 ത്തോളം വളണ്ടിയർമാർ, എല്ലാവർക്കും സർട്ടിഫിക്കറ്റ്
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവം രജിസ്ട്രേഷനും വളണ്ടിയർ പരിശീലനവും എസ്എംവി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിവിധ ജില്ലകളിൽ നിന്നും ഓണ്ലൈനായി ഏകദേശം 700 ഓളം രജിസ്ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീലുകൾ പരിഗണിക്കുന്പോൾ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ ചുമതല വളണ്ടിയർമാരെ ഏൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സേവകരുടെ മികച്ച പ്രവർത്തനം ആവശ്യമാണ്.
എൻ എസ് എസ്, എൻ സി സി ഉൾപ്പടെ 5,000 ത്തോളം വളണ്ടിയർമാരെയാണ് ഇക്കുറി നിയോഗിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വളണ്ടിയർമാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിട്ടുണ്ട്. വസന്തോത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം സ്കൂൾ കലോത്സവം പ്രമാണിച്ച് ജനുവരി എട്ട് വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
ഓണ്ലൈൻ രജിസ്ട്രേഷൻ നടത്തിയ തിരുവന്തപുരം ജില്ലയിലെ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ കിറ്റ് നൽകി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ മന്ത്രി ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.