ഗർഭിണിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു
1492469
Saturday, January 4, 2025 7:02 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഗർഭിണിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു. വെഞ്ഞാറമൂട് ചെമ്പൂര് പരമേശ്വരം ശിവപാർവതിയിൽ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. പാർവതി ഏഴുമാസം ഗർഭിണിയാണ്.
രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പാർവതി ഉണരുമ്പോൾ ഒരാൾ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്.
ബഹളം വയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടാവ് കുഞ്ഞിനെ അപായപ്പെടുത്തുമെന്നു ഭീഷണി മുഴക്കി. തുടർന്ന് പാർവതി ധരിച്ചിരുന്ന മാല ഭീഷണിപ്പെടുത്തി ഊരി വാങ്ങി. കൂടാതെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണവും എടുത്തു. വീണ്ടും വീട്ടിൽ സ്വർണത്തിനായി പരതിയെങ്കിലും കിട്ടിയില്ല.
ശരീരം മുണ്ടു ഉപയോഗിച്ചു മൂടിയ മുഖം മറച്ച തടിച്ച ഒരാളായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. പാർവതി ധരിച്ചിരുന്ന മാലയിൽ ഉണ്ടായരുന്ന താലി തിരികെ ചോദിച്ചപ്പോൾ മോഷ്ടാവ് താലിമാത്രം തിരികെ നൽകി. പിന്നീട് ഇയാൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തു പോയതായി വീട്ടുകാർ പോലീസിനോട് പറഞ്ഞു.
തുടർന്ന് സമീപവാസികളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. ഇവർ പരിശോധിക്കുമ്പോൾ വാതിലുകൾക്ക് കേടു സംഭവിച്ചിരുന്നില്ല. വീടിന്റെ വാതിൽ തുറന്നു കിടന്ന സമയത്താകാം മോഷ്ടാവ് വീടിനുള്ളിൽ കയറിയതെന്ന് കരുതുന്നു.
സംഭവത്തിൽ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. പാർവതിയുടെ ഭർത്താവ് പട്ടാളത്തിലാണ് ജോലി നോക്കുന്നത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.