മധുരയിലൊരു മലയാളി ഗ്രാമം
കോട്ടൂർ സുനിൽ
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്ത, എതാണ്ട് 160 വർഷം പഴക്കമുള്ള ഒരു നാടൻ മലയാളി ഗ്രാമം. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഭാഷയ്ക്കും സംസ്കാരത്തിനും ഒപ്പം പ്രകൃതിയും മാറും.
എന്നാൽ മധുരയിൽ നിന്നും മേളൂർക്ക് പോകുന്ന വഴിയിൽ ഹൈവേക്ക് അരികിലായി മലയാളികൾക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു മലയാളി ഗ്രാമമുണ്ട്. മലയാളത്താൻപ്പട്ടി എന്ന മനോഹര ഗ്രാമം.
പേര് കേൾക്കുമ്പോൾ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഇവിടെ ഇപ്പോൾ താമസിക്കുന്നത് മലയാളി കുടുംബങ്ങൾ മാത്രമാണ്.
വേരുകൾ
ഈ ഗ്രാമങ്ങളിലെ മലയാളി കുടുംബങ്ങളുടെ വേരുകൾ അത്രയും പാലക്കാടുമായി ബന്ധപ്പെട്ടതാണ്. പട്ടാമ്പിയിലും ചേർപ്പുളശ്ശേരിയിലും ചിറ്റൂരിലും ഒക്കെയാണ്. ഇവിടെ മലയാളികൾ എത്തിയതിന് പിന്നിലും ഇവിടം മലയാളി ഗ്രാമമായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് പോയ കേളുണ്ണിനായരുടെ കഥ.
കേളുണ്ണിനായർ പാലക്കാട് സ്വദേശിയാണ്. ഒരിക്കൽ രാമേശ്വരത്ത് പോയി വന്നവഴിക്കാണ് ഈ ഹരിതാഭമായ ഭൂമി കാണുന്നത്. മധുരയ്ക്ക് സമീപമുള്ള മനോഹരമായ ഭൂമി കണ്ടപ്പോൾ ഒരാഗ്രഹം. അന്ന് ബ്രിട്ടീഷ് ഭരണമാണ്.
ബ്രിട്ടീഷുകാരോട് ലേലം പിടിച്ച് അദ്ദേഹം ഈ ഭൂമി വാങ്ങുന്നു. അവിടെ കൃഷി ഇറക്കാൻ ആഗ്രഹിച്ചു. അങ്ങനെ 150 ഏക്കറോളം ഭൂമി ലേലത്തിൽ വാങ്ങി തന്റെ സുഹൃത്തായ ശങ്കരൻ നായരെയും കൂട്ടി കാടുപിടിച്ചു കിടന്ന സ്ഥലം കഷ്ടപ്പെട്ട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കി.
അങ്ങനെ കേളുണ്ണിനായരുയുടെയും ശങ്കരൻ നായരുടെരുടെയും ഇഷ്ടഭൂമിയായ ഇവിടം മലയാളി ഗ്രാമമായി അതിനവർ മലയാളത്താൻപ്പട്ടി എന്ന പേരുമിട്ടു. കേളുണ്ണിനായരുടെ മരണശേഷം കുടുംബം അവിടം വിട്ടു പോയെങ്കിലും തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിൽ നിന്നും തിരികെ പോരാൻ പിൻഗാമിയായ ശങ്കരൻ നായരുടെ മനസ് അനുവദിച്ചില്ല.
അങ്ങനെ അയാൾ ഓർമകളുമായി അവിടെതന്നെ തുടർന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോൾ ഈ മലയാളി ഗ്രാമത്തിൽ ഉള്ളത്. ഇവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗം കൃഷിയും കാലി വളർത്തലും തന്നെയാണ്.
എപ്പോഴെങ്കിലും മധുരയിൽ നിന്ന് മേളൂർ വഴി ഒരു യാത്ര ചെയ്യുന്നുണ്ടെങ്കിൽ മലയാളത്തനിമ പേറുന്ന തമിഴകത്തെ ഈ ഗ്രാമഭംഗി ആസ്വദിക്കാവുന്നതാണ്.
തമിഴകമാണെങ്കിലും...
തമിഴകമാണെങ്കിലും മലയാളം ഇവർക്ക് ജീവൻ. സ്കൂളുകളിൽ ഭാഷ തമിഴാണെങ്കിലും മലയാളം ഇവർ പഠിക്കുന്നുണ്ട്. മാത്രമല്ല ഭാഷാപഠനത്തോടൊപ്പം പ്രസിദ്ധീകരണങ്ങളും വായിക്കും. മലയാള ചാനലുകളും ഇവർ കാണുന്നുണ്ട്.
ഓണം, വിഷു എന്നിവ തമിഴിലെ പൊങ്കൽ പോലെ ആഘോഷിക്കുന്നുണ്ട്. ഓണപുടവയും സദ്യയും ഒക്കെ ഈ ഗ്രാമത്തിന്റെ മാറാത്ത സംസ്ക്കാരമായി നിലകൊള്ളുന്നുണ്ട്. ഓണം ആഘോഷിക്കാൻ സമീപത്തെ ഗ്രാമങ്ങളിൽ നിന്നു വരെ ആൾക്കാർ എത്തും. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ വോട്ട് തേടാൻ മലയാളത്തിൽ വരെ നോട്ടീസ് അടിച്ചു നൽകാറുണ്ട്.
കേരളത്തിൽ നിന്നും പറിച്ചു നടപ്പെട്ട ഇവർക്ക് കേരളവും പ്രിയപ്പെട്ട നാട് തന്നെ. വർഷാവർഷം പാലക്കാട്ടിലും തിരുവനന്തപുരത്തും ഗുരുവായൂരും തൃശൂരിലും ഒക്കെ ഇവരെത്തും. നാട്ടിലെ വിവാഹങ്ങളിലും ഇവർ പോകുന്നത് ടൂറായിട്ടാണ്. മലയാളഗ്രാമത്തിലെ കുട്ടികൾ ഒക്കെ തന്നെ വിദേശത്താണ്.
പഠനവും തൊഴിലുമായി അവർ അവിടെ കൂടി. വിശേഷദിവസങ്ങളിൽ അവർ കൂട്ടമായി എത്തും. യുവതലമുറയെ ഭാഷ പഠിപ്പിക്കാൻ മധുരയിലെ മലയാളി അസോസിയേഷന്റെ സഹായം തേടുകയാണ് ഇവർ.
ഇവിടെയുള്ള മലയാളി സ്ത്രീകൾ തമിഴ് സ്ത്രീകളെ അപേക്ഷിച്ച് വളരെ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്. മുടിയിഴയും ബിന്ദി ധരിക്കുന്ന ശൈലിയും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.
വർഷങ്ങളായി തമിഴ് പാചകക്കുറിപ്പുകൾ ഉപയോഗിച്ച് പാചകരീതികൾ തയ്യാറാക്കുമെങ്കിലും ഇവിടത്തെ മലയാളികൾ ഇപ്പോഴും സാധ്യമാകുമ്പോഴെല്ലാം യഥാർത്ഥ കേരള വിഭവങ്ങൾ ഉണ്ടാക്കും. മറ്റൊരു ശ്രദ്ധേയമായ സവിശേഷത, ഈ ഗ്രാമത്തിൽ ആരും തുന്നിയ ലുങ്കി ധരിക്കാറില്ല എന്നതാണ്.