രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ച് ഇന്ത്യ
Saturday, October 19, 2024 12:54 AM IST
ബംഗളൂരു: ഒന്നാം ഇന്നിംഗ്സിൽ 46നു പുറത്ത്, 402 റണ്‍സ് എടുത്ത എതിരാളികൾക്കു മുന്നിൽ 356 റണ്‍സിന്റെ ലീഡ് വഴങ്ങുക, തുടർന്നു രണ്ടാം ഇന്നിംഗ്സിൽ മൂന്നു ഹാഫ് സെഞ്ചുറികളിലൂടെ തിരിച്ചടിക്കുക...
എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിന പോരാട്ടച്ചുരുക്കെഴുത്ത് ഇതാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യ ഇപ്പോഴും 125 റണ്‍സ് പിന്നിലാണ്. സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരോട് ഇന്ത്യൻ ആരാധകർ ആവേശത്തോടെ പറയുന്നത് ഇത്രമാത്രം, റണ്‍സ് അടിച്ചു കേറിവാ...
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ (52), വിരാട് കോഹ്ലി (70), സർഫറാസ് ഖാൻ (70 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യൻ തിരിച്ചടിക്കു കരുത്തേകിയത്.
കോഹ്ലി @ 9000
രണ്ടാം ഇന്നിംഗ്സിന്റെ ഓപ്പണിംഗ് വിക്കറ്റിൽ യശസ്വി ജയ്സ്വാളും (35) രോഹിത് ശർമയും 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ജയ്സ്വാളിനെ അജാസ് പട്ടേലിന്റെ പന്തിൽ ടോം ബ്ലണ്ടെൽ സ്റ്റംപ് ചെയ്ത് പുറത്താക്കിയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. 63 പന്തിൽ 52 റണ്‍സ് നേടിയ രോഹിത്തിനെ അജാസ് പട്ടേൽ ബൗൾഡാക്കി.
മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും സർഫറാസ് ഖാനും ചേർന്ന് 136 റണ്‍സ് കൂട്ടുകെട്ടു സ്ഥാപിച്ചു. 102 പന്തു നേരിട്ട കോഹ് ലി 70 റണ്‍സ് നേടി. ക്ഷമയോടെയുള്ള ഇന്നിംഗ്സിനിടെ എട്ട് ഫോറും ഒരു സിക്സും കോഹ്ലിയുടെ ബാറ്റിൽനിന്നു പിറന്നു. ഇന്നിംഗ്സിനിടെ ടെസ്റ്റിൽ 9000 റണ്‍സ് ക്ലബ്ബിലും കോഹ്ലി എത്തി. ടെസ്റ്റിൽ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത് ഇന്ത്യൻ ബാറ്ററാണ് കോഹ്ലി.
സർഫറാസ് ഖാൻ ആക്രമണ ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്. നേരിട്ട 42-ാം പന്തിൽ സർഫറാസ് അർധസെഞ്ചുറിയിലെത്തി. 78 പന്തിൽ മൂന്നു സിക്സും ഏഴു ഫോറുമടക്കം 70 റണ്‍സുമായി സർഫറാസ് ക്രീസിൽ തുടരുന്നു.
2024ൽ ഒന്നാമൻ ബുംറ
2024 കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ ഇന്നലെ സ്വന്തമാക്കി. ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടെലിനെ സെക്കൻഡ് സ്ലിപ്പിൽ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചായിരുന്നു ബുംറ ഈ നേട്ടത്തിലെത്തിയത്. ഇതോടെ 2024ൽ ബുംറയുടെ വിക്കറ്റ് നേട്ടം 39 ആയി. ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിൻസണിനെ (38 വിക്കറ്റ്) പിന്തള്ളിയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ ആർ. അശ്വിൻ, ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ, ഇംഗ്ലണ്ടിന്റെ ഷൊയ്ബ് ബഷീർ എന്നിവരും ഈ വർഷം 38 വിക്കറ്റ് ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ഒന്നാം ഇന്നിംഗ്സിൽ കിവീസിനെ 402ൽ പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത്.
രചിന്റെ ‘ഹോം’ സെഞ്ചുറി

ഇന്ത്യൻ വംശജനും ബംഗളൂരുവിന്റെ കൊച്ചുമകനുമായ രചിൻ രവീന്ദ്രയുടെ സെഞ്ചുറിയായിരുന്നു മൂന്നാംദിനത്തിലെ ഹൈലൈറ്റ്. രചിൻ രവീന്ദ്രയുടെ മുത്തച്ഛനും മുത്തശ്ശിയും ബംഗളൂരു സ്വദേശികളാണ്. ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറിന്റെയും രാഹുൽ ദ്രാവിഡിന്റെയും പേരിൽനിന്നാണ് മാതാപിതാക്കൾ രചിൻ എന്ന പേരിട്ടെന്നതും ഇതിനോടകം വാർത്തകളിൽ നിറഞ്ഞ കാര്യം. മുത്തച്ഛനെയും മുത്തശ്ശിയെയും ബംഗളൂരുവിലെത്തി സന്ദർശിക്കുന്ന ശീലക്കാരനുമാണ് രചിൻ.
157 പന്തിൽ 13 ഫോറും നാലു സിക്സും അടക്കം 134 റണ്‍സാണ് തന്റെ പാരന്പര്യങ്ങൾ ഉറങ്ങുന്ന ബംഗളൂരു മണ്ണിൽ രചിൻ രവീന്ദ്ര നേടിയത്.
2012നുശേഷം രചിൻ
രചിൻ രവീന്ദ്രയുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിംഗ്സിൽ കിവീസിനു കൂറ്റൻ സ്കോർ സമ്മാനിച്ചതിൽ നിർണായകമായത്. രണ്ടാംദിനം അവസാനിച്ചപ്പോൾ 22 റണ്‍സുമായി ക്രീസിൽ തുടരുകയായിരുന്ന രചിൻ നേരിട്ട 124-ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി.
2012നുശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരം എന്ന നേട്ടവും രചിൻ സ്വന്തമാക്കി. 2012ൽ ബംഗളൂരു ടെസ്റ്റിൽ റോസ് ടെയ്ലർ 127 പന്തിൽ 113 റണ്‍സ് നേടിയതായിരുന്നു ഒരു കിവീസ് താരത്തിന്റെ ഇന്ത്യൻ മണ്ണിലെ അവസാന സെഞ്ചുറി.
രചിനുശേഷം ടിം സൗത്തിയാണ് കിവീസ് സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകിയത്. 73 പന്തിൽ നാലു സിക്സും അഞ്ചു ഫോറും അടക്കം ടിം സൗത്തി 65 റണ്‍സ് നേടി. സൗത്തിയുടെ ഈ ഇന്നിംഗ്സാണ് കിവീസിനെ 400 കടത്തിയത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 46.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി കുൽദീപ് 15, കോണ്‍വെ ബി അശ്വിൻ 91, വിൽ യംഗ് സി കുൽദീപ് ബി ജഡേജ 33, രചിൻ ജുറെൽ (സബ്) ബി കുൽദീപ് 134, ഡാരെൽ മിച്ചൽ സി ജയ്സ്വാൾ ബി സിറാജ് 18, ബ്ലണ്ടെൽ സി രാഹുൽ ബി ബുംറ 5, ഫിലിപ്സ് ബി ജഡേജ 14, ഹെൻറി ബി ജഡേജ 8, സൗത്തി സി ജഡേജ ബി സിറാജ് 65, അജാസ് എൽബിഡബ്ല്യു ബി കുൽദീപ് 4, ഒറോക്ക് നോട്ടൗട്ട് 0, എക്സ്ട്രാസ് 15, ആകെ 91.3 ഓവറിൽ 402.
വിക്കറ്റ് വീഴ്ച: 1-67, 2-142, 3-154, 4-193, 5-204, 6-223, 7-233, 8-370, 9-384, 10-402.
ബൗളിംഗ്: ബുംറ 19-7-41-1, സിറാജ് 18-2-84-2, അശ്വിൻ 16-1-94-1, കുൽദീപ് 18.3-1-99-3, ജഡേജ 20-1-72-3.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സ്റ്റംപ്ഡ് ബ്ലണ്ടെൽ ബി അജാസ് 35, രോഹിത് ബി അജാസ് 52, കോഹ്ലി സി ബ്ലണ്ടെൽ ബി ഫിലിപ്സ് 70, സർഫറാസ് നോട്ടൗട്ട് 70, എക്സ്ട്രാസ് 4, ആകെ 49 ഓവറിൽ 231/3.
വിക്കറ്റ് വീഴ്ച: 1-72, 2-95, 3-231.
ബൗളിംഗ്: ടിം സൗത്തി 7-1-22-0, മാറ്റ് ഹെൻറി 11-1-52-0, വില്യം ഒറോക്ക് 11-1-48-0, അജാസ് പട്ടേൽ 12-2-70-2, ഗ്ലെൻ ഫിലിപ്സ് 8-1-36-1.