ബ്രസീലിനെ തകർത്ത് അർജന്റീന 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി
Thursday, March 27, 2025 1:20 AM IST
ബുവാനോസ് ആരീസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ചിരവൈരികളായ ബ്രസീലിനെ തകർത്തെറിഞ്ഞ് അർജന്റീന. കാനറികൾക്കെതിരേ 4-1ന്റെ ആധികാരിക ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അർജന്റീന 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
ബ്രസീലിനെതിരായ ആധികാരിക ജയത്തോടൊപ്പം ബൊളീബിയ- ഉറുഗ്വെ മത്സരം സമനലയിലായതോടെയാണ് അർജന്റീന 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ലോകകപ്പ് യോഗ്യത നേടിയത്. 21 പോയിന്റുമായി ബ്രസീൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നേർക്കുനേർ പോരാട്ടങ്ങളിൽ ബ്രസീലിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും സമീപകാല പോരാട്ടങ്ങളിൽ അർജന്റീനയാണ് വിജയ തേരോട്ടം നടത്തുന്നത്. 2019 കോപ്പ അമേരിക്ക സെമിഫൈനലിലാണ് അവസാനമായി ബ്രസീൽ അർജന്റീനയെ വീഴ്ത്തിയത്.
നാലാം മിനിറ്റിൽ അർജന്റീന ഗോൾ വേട്ട ആരംഭിച്ചു. ജൂലിയൻ ആൽവരസ് ആണ് മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബ്രസീലിനെ ഞെട്ടിച്ച് ഗോൾ വല കുലുക്കിയത്. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടി. 26-ാം മിനിറ്റിൽ മാത്യൂസ് കുൻഹ ബ്രസീൽ ചെറുത്തുനൽപ്പിന് തുടക്കമിട്ട് ഒരു ഗോൾ മടക്കി.
37-ാം മിനിറ്റിൽ മക് അലിസ്റ്റർ ബ്രസീൽ ലോൾ വല കുലുക്കി 3-1 എന്ന സ്കോറിൽ ആദ്യ പകുതി അവസാനിപ്പിച്ചു. 71-ാം മിനിറ്റിൽ ഗുല്യാനോ സിമണ് ബ്രസീലിനുമേൽ അർജന്റീനയുടെ അവസാന ഗോൾ തൊടുത്ത് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
വെനസ്വേല 1-0ന് പെറുവിനെ തോൽപ്പിച്ചു. ബൊളീബിയ-ഉറുഗ്വെ, ചിലി-ഇക്ക്വഡോർ മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ കൊളംബിയ-പരാഗ്വെ മത്സരം 2-2ൽ കലാശിച്ചു.