ഇന്ത്യ 46 റണ്‍സിനു പുറത്ത്; കോഹ്ലി അടക്കം അഞ്ചു പേർ ഡക്ക്
Friday, October 18, 2024 12:22 AM IST
ബംഗളൂരു: മഴ ശമിച്ചു മത്സരം തുടങ്ങിയപ്പോൾ തെന്നിവീണത് ടീം ഇന്ത്യ. പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരും വരിവരിയായി പവലിയനിലേക്കു മടങ്ങിയപ്പോൾ കടുത്ത ആരാധകർപോലും മൂക്കത്തുവിരൽവച്ചു, അയ്യേ... അയ്യയ്യേ... എന്നു കളിയാക്കി.
ന്യൂസിലൻഡ് നടത്തിയ പേസ് ആക്രമണത്തിൽ വെറും 46 റണ്‍സിന് ഇന്ത്യ തലകുത്തി താഴെ. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമാണ് രോഹിത് ശർമയും സംഘവും നാണക്കേടിന്റെ പടുകുഴിയിലായത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെറും 31.2 ഓവറിൽ 46 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. വിരാട് കോഹ്ലി അടക്കം അഞ്ച് ബാറ്റർമാർ ഇന്ത്യൻ ഇന്നിംഗ്സിൽ പൂജ്യത്തിനു പുറത്തായി. ഇന്ത്യയുടെ തകർച്ചയ്ക്കുശേഷം ബാറ്റുമായി ക്രീസിലെത്തിയ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാംദിനം മഴയെത്തുടർന്നു മത്സരം നേരത്തേ അവസാനിപ്പിച്ചപ്പോൾ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടി. ഓപ്പണർ ഡെവോണ്‍ കോണ്‍വെ 105 പന്തിൽ 91 റണ്‍സ് അടിച്ചെടുത്തു. ഏഴു വിക്കറ്റ് കൈയിലിരിക്കേ 134 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കിവീസ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യദിനം മഴയെത്തുടർന്ന് ടോസ് പോലും നടന്നില്ലായിരുന്നു.
നാണക്കേടിന്റെ 46
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഹോം മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് ന്യൂസിലൻഡിനെതിരേ ഒന്നാം ഇന്നിംഗ്സിൽ നേടിയ 46. 1987ൽ ഡൽഹിയിൽവച്ച് വെസ്റ്റ് ഇൻഡീസിനെതിരേ ഒന്നാം ഇന്നിംഗ്സിൽ 75നു പുറത്തായതായിരുന്നു സ്വന്തം നാട്ടിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ.
ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത് സ്കോറുമാണിത്. 2020ൽ ഓസ്ട്രേലിയയ്ക്കെതിരേ അഡ്ലെയ്ഡിൽ 36നും 1974ൽ ഇംഗ്ലണ്ടിനെതിരേ ലോഡ്സിൽ 42 നും പുറത്തായ ചരിത്രവും ഇന്ത്യക്കുണ്ട്.
ന്യൂസിലൻഡിനെതിരേ ടെസ്റ്റിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ത്യയുടെ 46. 2012ൽ നേപ്പിയറിൽ ന്യൂസിലൻഡിനെതിരേ 51 റണ്‍സിനു സിംബാബ് വെ പുറത്തായതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
പാക് മാനക്കേടു മാറി
ഏഷ്യയിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോർ എന്ന പാക്കിസ്ഥാന്റെ നാണക്കേട് സ്വന്തം തലയിലേക്കെടുത്തുവച്ചു ടീം ഇന്ത്യ എന്നതും ശ്രദ്ധേയം. ഏഷ്യയിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ത്യയുടെ 46.
ഏഷ്യയിൽ ഒരു ടീമിന്റെ ഇതുവരെയുള്ള ഏറ്റവും ചെറിയ സ്കോർ 2002ൽ ഷാർജയിൽവച്ച് ഓസ്ട്രേലിയയ്ക്കു മുന്നിൽ പാക്കിസ്ഥാൻ 53 റണ്‍സിനു പുറത്തായതായിരുന്നു. 1986ൽ ഫൈസലാബാദിൽ വെസ്റ്റ് ഇൻഡീസിനെ 53 റണ്‍സിനു പാക്കിസ്ഥാൻ പുറത്താക്കിയിട്ടുമുണ്ട്.
രോഹിത്തിന്റെ കുറ്റി തെറിച്ചു
ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ ലോഫ്റ്റ് ഷോട്ടിനു ശ്രമിച്ച രോഹിത് ശർമയുടെ വിക്കറ്റ് തെറിപ്പിച്ച് ടിം സൗത്തിയാണ് കിവീസിന്റെ ഇന്ത്യൻ വേട്ടയ്ക്കു തുടക്കമിട്ടത്. 16 പന്തിൽ രണ്ടു റണ്‍സായിരുന്നു രോഹിത്തിന്റെ സന്പാദ്യം.
ഒന്‍പതാം ഓവറിന്റെ അവസാന പന്തിൽ വില്യം ഒറോക്കിന്റെ പന്തിൽ വിരാട് കോഹ്ലിയും പുറത്ത്. ഇരുപത്തിമൂന്നുകാരനായ യുവ പേസറിന്റെ ഇന്ത്യയിലെ ആദ്യ ഓവറായിരുന്നു അത്. ഒന്‍പത് പന്തു നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ കോഹ്ലി മടങ്ങി. തുടർന്നങ്ങോട്ട് പൂജ്യക്കാരുടെ സമ്മേളനമായിരുന്നു. സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരും പൂജ്യത്തിനു പുറത്തായി.
കുൽദീപ് യാദവ് (2), ജസ്പ്രീത് ബുംറ (1), മുഹമ്മദ് സിറാജ് (4 നോട്ടൗട്ട്) എന്നിവർ അക്കൗണ്ട് തുറന്നു. 49 പന്തിൽ 20 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഓപ്പണർ യശസ്വി ജയ്സ്വാളാണ് (63 പന്തിൽ 13) രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ.
ആനമുട്ട!
ഇന്ത്യയുടെ ടോപ് എട്ട് നന്പർ ബാറ്റർമാരിൽ അഞ്ചു പേരാണ് പൂജ്യത്തിനു പുറത്തായത്. വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരായിരുന്നു അക്കൗണ്ട് തുറക്കുംമുന്പു പവലിയൻ പൂകിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ എട്ട് നന്പർ ബാറ്റർമാരിൽ അഞ്ചു പേർ പൂജ്യത്തിനു പുറത്താകുന്നത് നൂറ്റാണ്ടിനുശേഷമാണെന്നതും ശ്രദ്ധേയം. 1888ൽ മാഞ്ചസ്റ്ററിൽവച്ച് ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെ അഞ്ചു പേർ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. അതിനുശേഷം ഇന്നലെയാണ് അഞ്ചുപേർ പൂജ്യത്തിനു പുറത്താകുന്നത്.
ന്യൂസിലൻഡ് പേസർമാരാണ് ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയത്. മാറ്റ് ഹെൻറി 15 റണ്‍സ് വഴങ്ങി അഞ്ചും വില്യം ഒറോക്ക് 22 റണ്‍സിനു നാലു വിക്കറ്റും സ്വന്തമാക്കി. ഹെൻറി ടെസ്റ്റിൽ 100 വിക്കറ്റും പൂർത്തിയാക്കി.
ഫ്ളാറ്റ് പിച്ചാണെന്ന ധാരണയിലാണ് ബാറ്റിംഗ് തെരഞ്ഞെടുത്തതെന്നും പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതിൽ തെറ്റുപറ്റിയെന്നും രണ്ടാംദിനത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തുറന്നു സമ്മതിച്ചു.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി അജാസ് ബി ഒറോക്ക് 13, രോഹിത് ബി സൗത്തി 2, കോഹ്ലി സി ഫിലിപ്സ് ബി ഒറോക്ക് 0, സർഫറാസ് സി കോണ്‍വെ ബി ഹെൻറി 0, പന്ത് സി ലാഥം ബി ഹെൻറി 20, രാഹുൽ സി ബ്ലണ്ടെൽ ബി ഒറോക്ക് 0, ജഡേജ സി അജാസ് ബി ഹെൻറി 0, അശ്വിൻ സി ഫിലിപ്സ് ബി ഹെൻറി 0, കുൽദീപ് സി ബ്രെയ്സ്വെൽ (സബ്) ബി ഹെൻറി 2, ബുംറ സി ഹെൻറി ബി ഒറോക്ക് 1, സിറാജ് നോട്ടൗട്ട് 4, എക്സ്ട്രാസ് 4, ആകെ 31.2 ഓവറിൽ 46.
വിക്കറ്റു വീഴ്ച: 1-9, 2-9, 3-10, 4-31, 5-33, 6-34, 7-34, 8-39, 9-40, 10-46.
ബൗളിംഗ്: സൗത്തി 6-4-8-1, മാറ്റ് ഹെൻറി 13.2-3-15-5, ഒറോക്ക് 12-6-22-4.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി കുൽദീപ് 15, കോണ്‍വെ ബി അശ്വിൻ 91, വിൽ യംഗ് സി കുൽദീപ് ബി ജഡേജ 33, രചിൻ നോട്ടൗട്ട് 22, ഡാരെൽ മിച്ചൽ നോട്ടൗട്ട് 14, എക്സ്ട്രാസ് 5, ആകെ 50 ഓവറിൽ 180/3.
വിക്കറ്റ് വീഴ്ച: 1-67, 2-142, 3-154.
ബൗളിംഗ്: ബുംറ 10-4-23-0, സിറാജ് 7-1-21-0, അശ്വിൻ 11-1-46-1, കുൽദീപ് 12-1-57-1, ജഡേജ 10-0-28-1.