ജയം മുഖ്യം ബ്ലാസ്റ്റേഴ്സ്...
Sunday, September 22, 2024 12:20 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ ആദ്യജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. ഈസ്റ്റ് ബംഗാൾ ക്ലബ്ബാണ് എതിരാളികൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
സീസണിലെ ആദ്യമത്സരത്തിൽ ഹോം ഗ്രൗണ്ടിൽവച്ച് ബ്ലാസ്റ്റേഴ്സ് 1-2നു പഞ്ചാബ് എഫ്സിയോടു പരാജയപ്പെട്ടിരുന്നു. തിരുവോണ നാളിലെ പരാജയത്തിനു പരിഹാരം കാണുകയാണ് മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ലൂണ തിരിച്ചെത്തും
സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ലാതിരുന്ന പ്ലേമേക്കർ അഡ്രിയാൻ ലൂണ ഇന്നു സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകും. കുടുംബകാര്യങ്ങൾക്കായി സ്വദേശത്തായിരുന്നതിനാലാണ് ഉറുഗ്വെൻ താരമായ ലൂണ ആദ്യമത്സരത്തിൽ കളിക്കാതിരുന്നത്. ലൂണയ്ക്കൊപ്പം സ്പാനിഷ് സ്ട്രൈക്കർ ജെസ്യൂസ് ജിമെനെസും സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈസ്റ്റ് ബംഗാൾ തങ്ങളുടെ ആദ്യമത്സരത്തിൽ ബംഗളൂരു എഫ്സിയോട് 1-0നു പരാജയപ്പെട്ടിരുന്നു.