ഫോഗട്ടിന്റെ മൂല്യം ഒരു കോടി!
Wednesday, August 21, 2024 11:56 PM IST
ചണ്ഡിഗഡ്: പാരീസ് ഒളിന്പിക്സ് വനിതാ ഗുസ്തി ഫൈനലിനു മുന്പ് 100 ഗ്രാം തൂക്കം കൂടുതലാണെന്ന പേരിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യത്തിൽ വൻ വർധനവ്. പാരീസ് ഒളിന്പിക്സിനു മുന്പുണ്ടായിരുന്നതിനേക്കാൾ നാലിരട്ടിയോളമാണ് പരസ്യപ്രതിഫലത്തിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏതായാലും പാരീസ് ഒളിന്പിക്സിനുശേഷം വിനേഷിന്റെ ബ്രാൻഡ് വാല്യു കുത്തനെ ഉയർന്നിട്ടുണ്ട്. ഒളിന്പിക്സിനു മുന്പ് ഓരോ എൻഡോഴ്സ്മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോൾ അത് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയായി ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നീരജ്, മനു ഭാകർ

പാരീസ് ഒളിന്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യത്തിൽ വൻവർധനവുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയം. അതിൽ ഏറ്റവും ശ്രദ്ധേയം നീരജ് ചോപ്ര, മനു ഭാകർ എന്നിവരുടെ മൂല്യം വർധിച്ചതാണ്.
2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻത്രോയിൽ സ്വർണം ജേതാവായ നീരജ് ചോപ്ര, 2024 പാരീസിൽ വെള്ളി നേടിയിരുന്നു. നീരജിന്റെ മൂല്യത്തിൽ 30-40 ശതമാനം വർധനവാണുണ്ടായത്, ഏകദേശം 330 കോടി രൂപയാണ് നീരജിന്റെ ബ്രാൻഡ് വാല്യു.
ഇന്ത്യയിൽ ക്രിക്കറ്റിനു പുറത്ത് ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂല്യമാണിത്. പാരീസ് ഒളിന്പിക്സിനു മുന്പ് നീരജിന്റെ വാർഷിക ബ്രാൻഡ് വാല്യു മൂന്ന് കോടി രൂപയായിരുന്നു. അത് ഇപ്പോൾ 44.5 കോടിയായതായാണ് റിപ്പോർട്ട്.
പാരീസ് ഒളിന്പിക്സിൽ വനിതാ ഷൂട്ടുംഗിൽ രണ്ടു വെങ്കലം നേടിയ താരമാണ് മനു ഭാകർ. ഒരു ഒളിന്പിക് എഡിഷനിൽ ഇന്ത്യക്കായി രണ്ടു മെഡൽ നേടുന്ന ആദ്യതാരമാണ് മനു. പാരീസ് ഒളിന്പിക്സിനു മുന്പ് മനു ഭാകറിന്റെ ബ്രാൻഡ് വാല്യു 25 ലക്ഷം രൂപയായിരുന്നു. അതിപ്പോൾ 1.5 കോടിയായി വർധിച്ചിട്ടുണ്ട്, ഏകദേശം ആറു മടങ്ങു വർധന.