ലിറനെ തളച്ച് ഗുകേഷ്
Wednesday, August 21, 2024 11:56 PM IST
ന്യൂയോർക്ക്: ലോക ചെസ് ചാന്പ്യൻഷിപ് പോരാട്ടത്തിന്റെ റിഹേഴ്സൽപോലെ നടന്ന പോരാട്ടത്തിൽ ചൈനയുടെ ഡിങ് ലിറനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി. ഗുകേഷ്. നിലവിലെ ലോക ചാന്പ്യനാണ് ലിറൻ.
ലിറന്റെ കിരീടത്തിനു ചലഞ്ച് ചെയ്യാനുള്ള ടിക്കറ്റ് ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയത്തിലൂടെ സ്വന്തമാക്കിയ താരമാണ് ഗുകേഷ്. ഇരുവരും തമ്മിൽ സിങ്ക്ഫീൽഡ് കപ്പിന്റെ ആദ്യറൗണ്ടിലായിരുന്നു ഏറ്റുമുട്ടിയത്. ഈ വർഷം നവംബർ-ഡിസംബറിലാണ് ലോക ചെസ് ചാന്പ്യൻഷിപ് അരങ്ങേറുക.
സിങ്ക്ഫീൽഡ് കപ്പിന്റെ രണ്ടാം റൗണ്ടിൽ ഗുകേഷ് മുൻ ലോക ചാന്പ്യനായ റഷ്യയുടെ ഇയാൻ നിപോംനിഷിയുമായും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ മറ്റൊരു താരമായ ആർ. പ്രജ്ഞാനന്ദയും ആദ്യ രണ്ട് റൗണ്ടിലും സമനിലയിൽ പോരാട്ടം അവസാനിപ്പിച്ചു. 1.5 പോയിന്റുമായി ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയാണ് ടൂർണമെന്റിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.