ഡുറൻഡ് കപ്പ് ക്വാർട്ടർ നാളെ മുതൽ
Tuesday, August 20, 2024 12:54 AM IST
കോൽക്കത്ത: 2024 ഡുറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ പ്രസിദ്ധീകരിച്ചു. നാലു വേദികളിലായി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കു നാളെ തുടക്കമാകും.
23ന് രാത്രി ഏഴിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിന് കോൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും.
നാളെ കൊക്രാജറിലെ സായി സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ആദ്യ ക്വാർട്ടറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഇന്ത്യൻ ആർമിയെ നേരിടും. രാത്രി ഏഴിന് ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആതിഥേയരായ ഷില്ലോംഗ് ലാജോംഗ് ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. 23ന് വൈകുന്നേരം നാലിനു നടക്കുന്ന മൂന്നാം ക്വാർട്ടറിൽ കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റ്, പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിൽ മൂന്നു ജയവുമായാണ് ബംഗളൂരു ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് സിയിൽനിന്നു രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണു ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ഗ്രൂപ്പ് എയിൽ ചിരവൈരികളായ മോഹൻബഗാനും ഈസ്റ്റ് ബംഗാളും തമ്മിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ അവസാന മത്സരം റദ്ദാക്കിയിരുന്നു. യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം കോൽക്കത്തയിൽ നടക്കുന്ന പശ്ചാത്തലത്തിൽ കോൽക്കത്ത ഡെർബിക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ര
ണ്ടു ടീമുകൾക്കും ഏഴു പോയിന്റ് വീതമായിരുന്നു. എന്നാൽ ഗോൾ വ്യത്യാസത്തിൽ (+7) ബഗാൻ ഒന്നാം സ്ഥാനക്കാരായി. മികച്ച രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയ ഈസ്റ്റ് ബംഗാളിന്റെ ഗോൾ വ്യത്യാസം +4 ആണ്.
25, 27 തീയതികളിലാണു സെമി ഫൈനൽ മത്സരങ്ങൾ. ഫൈനൽ 31നും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കും സോൾട്ട് ലേക്ക് സ്റ്റേഡിയമാണു വേദിയാകുന്നത്. കോൽക്കത്തയിൽ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ വേദി മാറ്റുന്ന കാര്യവും സംഘാടകർ ആലോചിക്കുന്നുണ്ട്.