ബ്രിഡ്ജ് തകർത്ത് സിറ്റി
Tuesday, August 20, 2024 12:54 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 2024-25 സീസണിൽ വിജയത്തുടക്കം.
ചെൽസിയെ, അവരുടെ സ്വന്തം സ്റ്റാംഫർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിനു തകർത്തു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 100-ാമത്തെ മത്സരത്തിനിറങ്ങി 91-ാമത്തെ ഗോൾ നേടിയ എർലിംഗ് ഹാലൻഡാണ് ചെൽസിയുടെ വല ആദ്യം കുലുക്കിയത്.
18-ാം മിനിറ്റിൽ ബർണാർഡോ സിൽവയിൽനിന്നു പാസ് സ്വീകരിച്ച നോർവീജിയൻ സൂപ്പർതാരം ചെൽസി പ്രതിരോധക്കാരയ മാർക് കുകുറേല, വെസ് ലി ഫൊഫാന എന്നിവർക്കിടയിലൂടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെയും മറികടന്ന് പന്ത് വലയിലാക്കി.
84-ാം മിനിറ്റിൽ മുൻ ചെൽസി താരം മാത്യോ കൊവാസിച്ച് സിറ്റിയുടെ ജയം ഉറപ്പിച്ചു. ഒറ്റയ്ക്കുള്ള മുന്നേറ്റത്തിൽ ബോക്സിനു പുറത്തുനിന്നു പായിച്ച ഷോട്ട് വലയിൽ തറച്ചുകയറി.
പുതിയ പരിശീലകൻ എൻസോ മരേസ്കയുടെ കീഴിൽ ഇറങ്ങിയ ചെൽസി ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. നിക്കോളസ് ജാക്സൺ, കോൾ പാമർ എന്നിവരുടെ ശ്രമങ്ങൾ സിറ്റി ഗോൾകീപ്പർ എഡേഴ്സണ് രക്ഷപ്പെടുത്തി.
2022ൽ സിറ്റിയിൽ പെപ് ഗാർഡിയോളയുടെ സഹപരിശീലകനായി പ്രവർത്തിച്ച മരേസ്ക 2023ലാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനാകുന്നത്.
ലെസ്റ്ററിനെ ഇംഗ്ലീഷ് ചാന്പ്യൻഷിപ് ജേതാ ക്കളാക്കിയതിനു പിന്നാലെ 2024-25 പ്രീമിയർ ലീഗിലേക്കു സ്ഥാനക്കയറ്റവും നേടിക്കൊടുത്തതോടെയാണ് മരേസ്കയെ ചെൽസി മുഖ്യപരിശീലകനാക്കുന്നത്.