ഇന്ത്യക്കിന്നു നിർണായകം
Wednesday, August 7, 2024 1:09 AM IST
കൊളംബോ: ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. പരന്പരയിലെ ആദ്യ ഏകദിനം സമനിലയായപ്പോൾ രണ്ടാം മത്സരം ജയിച്ച് ശ്രീലങ്ക പരന്പരയിൽ 1-0ന് മുന്നിലെത്തി.
ഇന്ന് ജയിക്കാനായില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നാണക്കേടാണ്. ഇന്ത്യ 27 വർഷത്തിനുശേഷം ആദ്യമായായിരിക്കും ശ്രീലങ്കയ്ക്കെതിരേ ഒരു പരന്പര തോൽക്കുന്നത്. ഗൗതം ഗംഭീർ പരിശീലകനായശേഷം കളിക്കുന്ന ആദ്യ ഏകദിന പരന്പരയെന്ന നിലയിൽ പരന്പര നഷ്ടപ്പെടാതെ നോക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
ശ്രീലങ്കയുടെ സ്പിൻ നിരയാണ് ഇന്ത്യക്ക് പ്രധാന തലവേദന. പരിശീലകൻ ഗംഭീർ തലപുകയ്ക്കുന്നത് ഇക്കാര്യത്തിലാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ പിന്നീടു വന്നവർക്കു കഴിഞ്ഞിരുന്നില്ല. രണ്ടാം ഏകദിനത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 97 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 42.2 ഓവറിൽ 208ന് ഓൾ ഒൗട്ട് ആയത്.
1997ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയ്ക്കെതിരേ പരന്പര തോൽക്കുന്നത്. അർജുന രണതുംഗെ നയിച്ച ലങ്കൻ ടീം 3-0നാണ് സച്ചിൻ തെണ്ടുൽക്കർ ക്യാപ്റ്റനായ ഇന്ത്യയെ തോൽപ്പിച്ചത്. ട്വന്റി-20 പരന്പര തൂത്തുവാരിയ ഇന്ത്യക്ക് എകദിന പരന്പര നഷ്ടപ്പെട്ടാൽ അത് ക്ഷീണമാകും, പരിശീലകനായ ഗംഭീറിനും.