മെട്രോ മാൻ
Saturday, August 3, 2024 11:31 PM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
പാരീസ് ഒളിന്പിക്സ് ഉദ്ഘടനാ ചടങ്ങ് ഫ്രാൻസിലും അന്താരാഷ്ട്രതലത്തിലും വിമർശങ്ങൾക്കും വിവാദങ്ങൾക്കും വിധേയമായെങ്കിലും നടത്തിപ്പിനെ അതു മങ്ങലേൽപിച്ചില്ലെന്നതു ശ്രദ്ധേയം.
ഉദ്ഘാടന ദിനത്തിലെ മഴയ്ക്കുശേഷം ഇപ്പോൾ ഒരു ചെറിയ ഉഷ്ണതരംഗത്തിലൂടെ കടന്നുപോകുകയാണ് പാരീസ്. ഒളിന്പിക്സിലെ മിക്ക വേദികളും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് എത്തിച്ചേരാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പാരീസിലെ മെട്രോ സിസ്റ്റം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. പല ലൈനിൽ ഓടുന്ന മെട്രോ ട്രെയിനുകൾക്കും സ്റ്റേഷനുകൾക്കും പഴക്കമേറെ. ഭൂഗർഭ പാതയാണ് കൂടുതലും. നൂറു വർഷം മുന്പു നടന്ന ഒളിന്പിക്സിലും ഇതേ മെട്രോ ഉണ്ടായിരുന്നു എന്നതും ചരിത്ര സത്യം.
പാരീസിൽ 14 മെട്രോ ലൈനുകളും 13 സബർബൻ ലൈനുകളുമുണ്ട്. പാരീസ് പട്ടണത്തിനുള്ളിൽ എവിടെ താമസിച്ചാലും 500 മീറ്ററിനുള്ളിൽ ഒരു മെട്രോ സ്റ്റേഷനെങ്കിലും ഉണ്ടാകും. സബർബൻ റെയിൽവേ സ്റ്റേഷനുകൾ കൂട്ടാതെ 308 മെട്രോ സ്റ്റേഷനുകളാണ് പാരീസിൽ ഉള്ളത്. ഒളിന്പിക്സിലെ ഒഫീഷൽ പാർട്ണർ കൂടിയാണ് പാരീസ് മെട്രോ സിസ്റ്റം.
ഒളിന്പിക്സ് ആഘോഷിക്കാൻ വന്നവരാണ് മെട്രോയിൽ കൂടുതലും. ഒളിന്പിക്സിന്റെ കാലയളവിൽ ടിക്കറ്റ് വില ഇരട്ടിയാണ്. എന്നാൽ, നാവിഗോ എന്ന പാരീസ് മെട്രോ പാസ് ഉള്ള സ്ഥിരതാമസാക്കാർക്ക് വർധന ബാധകമല്ല. ഒളിന്പിക്സ് വേദികളെപ്പറ്റിയും മറ്റു വിവരങ്ങളും ഫ്രഞ്ചിനു പുറമേ ഇംഗ്ലീഷിലും സ്പാനിഷിലും അനൗണ്സ് ചെയ്യുന്നുണ്ട്.
പാരീസിൽ ഒളിന്പിക്സിനെ തുടർന്ന് സാധാരണ എത്തുന്ന വിനോദ സഞ്ചാരികളിൽ കുറവുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയം. ഹോട്ടലുകളിലും മറ്റും വാടക വർധിക്കുമെന്ന ഭയത്താലായിരിക്കാമത്. എന്നാൽ, വാടകയിൽ വർധനവുണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
പ്ലാറ്റ്ഫോമിൽ വലിയ തിരക്കില്ല. അടുത്ത് മധ്യവയസ്കനായ ഒരാൾ. പ്രസിഡന്റ് മക്രോണിന്റെ കീഴിൽ 2020 മുതൽ 2022 വരെ പ്രധാനമന്ത്രി ആയിരുന്ന ജോൻ കാസ്റ്റക്സ്! അധികമാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല.
ഒരു വിഐപി പരിഗണനയും തേടിപ്പോകുന്നുമില്ല. ഫ്രാൻസിലെ ഒരു സാധാരണ പൗരനെപ്പോലെ അദ്ദേഹം യാത്ര ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറിയശേഷം പാരീസ് മെട്രോ സിസ്റ്റത്തിന്റെ സിഇഒ ആണ് കാസ്റ്റക്സ്.