ഗോൾഡ് ഫിഷ്
Saturday, August 3, 2024 12:42 AM IST
അജിത് ജി. നായർ
അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സ് ഒളിന്പിക്സിനോട് വിടപറഞ്ഞിട്ട് എട്ടു വർഷം പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ പേര് റിക്കാർഡ് ബുക്കിൽ ഇപ്പോഴും ബാക്കി.
അടുത്ത ഫെൽപ്സ് എന്ന വിശേഷണം സ്വന്തമാക്കിയ ഒരു നീന്തൽതാരം പാരീസ് ഒളിന്പിക്സിലുണ്ട്, ഫ്രഞ്ചുകാരനായ ലെയോണ്‍ മർഷോങ്. വൈവിധ്യത്തിൽ സാക്ഷാൽ ഫെൽപ്സിനെയും മറികടക്കുന്ന പ്രതിഭയെന്നാണ് ഇരുപത്തിരണ്ടുകാരനായ ലെയോണിനെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
പാരീസ് ഒളിന്പിക്സിൽ ഇതുവരെ മൂന്ന് സ്വർണമെഡലുകളാണ് ലെയോണ്‍ മർഷോങ് നീന്തിയെടുത്തത്. മൂന്നും ഒളിന്പിക് റിക്കാർഡോടെയാണെന്നത് മർഷോങിനെ ഫ്രാൻസിന്റെ പോസ്റ്റർ ബോയി ആക്കി മാറ്റി.
400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ഒളിന്പിക് റിക്കാർഡോടെ സ്വർണമണിഞ്ഞ് മർഷോങ് വരവറിയിച്ചു. 200 മീറ്റർ ബട്ടർഫ്ളൈയായിരുന്നു അടുത്ത ഇനം. ഇതിലും ലാ ഡിഫൻസ് അരീന മർഷോങിനെ കൈവിട്ടില്ല. ഒരിക്കൽകൂടി ഒളിന്പിക് റിക്കാർഡോടെ സ്വർണം. തുടർന്ന് നടന്ന 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും കഥ മാറിയില്ല.
200 മീറ്റർ വ്യക്തിഗത മെഡ്ലെയിലാണ് മർഷോങിന് ഇനി മത്സരമുള്ളത്. ഫോമിന്റെ പാരമ്യതയിൽ നിൽക്കുന്നതിനാൽ ഇന്നു നടക്കുന്ന മത്സരത്തിൽ മർഷോങ് വിജയിക്കുമെന്നാണ് ഒളിന്പിക്സ് ആതിഥേയരുടെ പ്രതീക്ഷ.
2022, 2023 ലോകചാന്പ്യൻഷിപ്പുകളിൽ ജേതാവായാണ് മർഷോങ് നീന്തൽ ലോകത്ത് തന്റെ മേൽവിലാസം രേഖപ്പെടുത്തിയത്. ഒളിന്പിക് വേദിയിൽ ആ മേധാവിത്വം ഒന്നുകൂടി ഉറപ്പിച്ചു.
കഴിഞ്ഞ വർഷം ജപ്പാനിലെ ഫുക്കുവോക്കയിൽ നടന്ന ലോകചാന്പ്യൻഷിപ്പിൽ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ മത്സരിച്ച മർഷോങിന്റെ കുതിപ്പിൽ തകർന്നടിഞ്ഞത് ഫെൽപ്സിന്റെ 15 വർഷം പഴക്കമുള്ള റിക്കാർഡായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത മൈക്കൽ ഫെൽപ്സ് എന്ന വിശേഷണം ഇദ്ദേഹത്തെ തേടിയെത്തിയത്.
ഫെൽപ്സിന്റെ ആരാധകൻ
ഫെൽപ്സിന്റെ കടുത്ത ആരാധകൻ കൂടിയായ മർഷോങ് അമേരിക്കൻ താരത്തിന്റെ അതേ ശൈലിയാണ് പിന്തുടരുന്നത്. ഈ ഒളിന്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈയിലെയും ബ്രെസ്റ്റ്സ്ട്രോക്കിലെയും സ്വർണനേട്ടം ഇതിഹാസ പദവിയും ഈ ഫ്രഞ്ചു താരത്തിനു നേടിക്കൊടുത്തു. ഒരേ ഒളിന്പിക്സിൽ ബട്ടർഫ്ളൈയിലും ബ്രെസ്റ്റ് സ്ട്രോക്കിലും സ്വർണം നേടുന്ന വേറൊരു താരം ഒളിന്പിക്സ് ചരിത്രത്തിൽ മുന്‍പുണ്ടായിട്ടില്ല.
ഇത്രയും കാലം മറ്റ് നീന്തൽതാരങ്ങൾക്കാർക്കും സ്വന്തമാക്കാൻ സാധിക്കാതിരുന്ന സ്വപ്നനേട്ടം ഒരൊറ്റ രാത്രി കൊണ്ടാണ് മർഷോങ് സാക്ഷാത്കരിച്ചതെന്നതും ശ്രദ്ധേയം. ഒരൊറ്റ ദിവസം രണ്ടു വ്യക്തിഗത സ്വർണം നേടുന്ന ഒളിന്പിക് ചരിത്രത്തിലെ നാലാമത്തെ മാത്രം താരമാണ് മർഷോങ്.
ഒരു ഒളിന്പിക്സിൽ ഫ്രാൻസിനായി രണ്ടു വ്യക്തിഗത സ്വർണം നേടുന്ന ആദ്യ നീന്തൽതാരവും മറ്റാരുമല്ല. ആദ്യ സ്വർണനേട്ടത്തെക്കുറിച്ച് ഫ്രഞ്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ: ‘ഒരു സ്വപ്നം യാഥാർഥ്യമായി.’