മിന്നൽ ടാ ലൂ
Saturday, August 3, 2024 12:42 AM IST
പാരീസ്: ഒളിന്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഉണർന്നപ്പോൾ മിന്നൽ പ്രകടനവുമായി ഐവറികോസ്റ്റിന്റെ സ്പ്രിന്റർ മേരി ജോസി ടാ ലൂ. വനിതാ 100 മീറ്റർ ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിച്ച് ടാ ലൂ സെമിയിലേക്കു മുന്നേറി.
ഹീറ്റ് എട്ടിൽ ഓടിയ മേരി ജോസി ടാ ലൂ 10.87 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ, ബ്രിട്ടന്റെ ഡാരെൽ നീറ്റ എന്നിവരാണ് ഹീറ്റ്സിലെ മികച്ച രണ്ടാമത്തെ സമയക്കാർ. മേരി ജോസി ടാ ലൂ ഓടിയ ഹീറ്റ് എട്ടിലായിരുന്നു ഷെല്ലി ആൻ ഫ്രേസർ.
10.92 സെക്കൻഡിൽ രണ്ടാം സ്ഥാനത്ത് ആൻ ഫ്രേസർ ഫിനിഷ് ചെയ്തു. ഡാരെൽ നീറ്റ ഹീറ്റ് മൂന്നിലാണ് ഓടിയത്. 10.92 സെക്കൻഡോടെ ഹീറ്റ് മൂന്നിൽ ഒന്നാം സ്ഥാനത്ത് നീറ്റ ഫിനിഷ് ചെയ്തു.
ആദ്യ ഹീറ്റിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത അമേരിക്കയുടെ ഷാക്കരി റിച്ചാർഡ്സണ് (10.94), നാലാം ഹീറ്റിൽ ഓടിയ കാനഡയുടെ ഓഡ്രി ലെഡ്യൂക്ക് (10.95), രണ്ടാം ഹീറ്റ് ജേതാവായ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് (10.95) എന്നിവരാണ് മികച്ച സമയം കുറിച്ച മറ്റുതാരങ്ങൾ. ഇന്ത്യൻ സമയം ഇന്നു രാത്രി 11.20 മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും. അർധരാത്രി 12.50നാണ് ഫൈനൽ.
പുരുഷ ഹീറ്റ്സ് ഇന്ന്
വേഗക്കാരെ നിശ്ചയിക്കുന്ന പുരുഷ വിഭാഗം 100 മീറ്ററിന്റെ പ്രാധമിക, ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഇന്നു നടക്കും. പ്രാധമിക റൗണ്ട് 2.05നും ആദ്യ റൗണ്ട് 3.25നുമാണ് ആരംഭിക്കുക. നാളെ രാത്രിയാണ് സെമി ഫൈനവൽ.