അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു
Thursday, August 1, 2024 11:33 PM IST
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്ററും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്വാദ് (71) അന്തരിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു.
1997 മുതൽ 1999 വരെയും പിന്നീട് 2000ലുമാണ് ഗെയ്ക്വാദ് ഇന്ത്യൻ പരിശീലകനായിരുന്നത്. ഗെയ്ക്വാദ് കോച്ച് ആയിരുന്നപ്പോഴാണ് ഇന്ത്യ 2000ലെ ചാന്പ്യൻസ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായത്.
1975മുതൽ 1987 വരെ 12 വർഷം നീണ്ട കരിയറിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ചു. രണ്ട് സെഞ്ചുറികൾ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്.
1983ൽ ജലന്ധറിൽ പാക്കിസ്ഥാനെതിരേ നേടിയ 201 റണ്‍സാണ് ഉയർന്ന സ്കോർ. 22 വർഷം നീണ്ട കരിയറിൽ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്വാദ് കളിച്ചിട്ടുണ്ട്.