സെയ്ൻ നദിയിലെ മത്സരങ്ങൾ മാറ്റിവച്ചു
Wednesday, July 31, 2024 12:34 AM IST
പാരീസ്: സെയ്ൻ നദിയിൽ ഇന്നലെ നടക്കേണ്ട പുരുഷന്മാരുടെ ട്രയാത്തലണ്‍ മത്സരങ്ങൾ മാറ്റിവച്ചു. ഒളിന്പിക്സിൽ മുൻനിശ്ചയച്ചപ്രകാരം സെയ്ൻ നദിയിൽ ട്രയാത്തലണ്‍ മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ട്രയാത്തലണിലെ നീന്തൽ മത്സരങ്ങളാണ് സെയ്ൻ നദിയിൽ നടക്കേണ്ടത്. എന്നാൽ നദിയിലെ ജലത്തിൽ മലിനീകരണത്തിന്റെ തോത് കൂടിയതോടെയാണ് മത്സരങ്ങൾ മാറ്റിവച്ചത്. ജലം ശുദ്ധീകരിച്ച് അടുത്ത ദിവസങ്ങളിൽ മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ജല പരിശോധനയിൽ ഇകോളിയുടെയും മറ്റ് ബാക്ടീരിയകളുടെയും തോത് കുറവായി കണ്ടാൽ ഇന്നു നീന്തൽ മത്സരങ്ങൾ നടത്തും. ഇന്നു തന്നെയാണ് വനിതകളുടെ മത്സരങ്ങളും നടക്കേണ്ടത്. പരിശോധനാ ഫലം അനുകൂലമായാൽ രണ്ടു മത്സരങ്ങളും ഒരേ ദിവസം തന്നെ നടത്തുമെന്നും സംഘാടകർ അറിയിച്ചു. ഇന്നും നടന്നില്ലെങ്കിൽ വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കും.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയാണ് നദിയിൽ ബാക്ടീരിയകളുടെ അംശം കൂട്ടിയത്. ഇന്നും നാ ളെയും പാരീസിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.
മഴ പെയ്താൽ വീണ്ടും മത്സരങ്ങൾ മാറ്റി വയ്ക്കേണ്ട കടുത്ത അവസ്ഥയിലേക്കും സംഘടകർക്കു നീങ്ങേണ്ടിവരും. മഴയാണ് സെയ്ൻ നദിയിലെ ബാക്ടീരിയയുടെ വളർച്ച കൂട്ടുന്ന പ്രധാന ഘടകം.