ഉയരട്ടെ മെഡൽ മുഴക്കം
Monday, July 29, 2024 10:41 PM IST
പാരീസ്: പാരീസ് ഒളിന്പിക്സ് ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച മനു ഭാകർ ഒരിക്കൽക്കൂടി മെഡൽ പോരാട്ടത്തിനിറങ്ങുന്നു. ഇന്നു നടക്കുന്ന മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ ഭാകർ സരബ്ജോത് സിംഗിനൊപ്പം വെങ്കലമെഡൽ മത്സരത്തിനിറങ്ങും. ഇന്നു നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ.
യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീം 20 പെർഫെക്ട് ഷോട്ടുകൾ നേടി. 579 പോയിന്റുമായി കൊറിയൻ സഖ്യം നാലാം സ്ഥാനത്തെത്തി. ഇവർ 18 പെർഫെക്ട് ഷോട്ടുകൾ നേടി.
ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ ടീമായ റിഥം സാഗ് വാൻ-അർജുൻ സിംഗ് ചീമ സഖ്യത്തിന് 10-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. തുർക്കിയും (582) സെർബിയയുമാണ് (581) ആദ്യ രണ്ടു സ്ഥാനത്ത്.
ഒളിന്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം മനു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ 221.7 പോയിന്റ് നേടിയ താരം പാരീസിൽനിന്ന് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിക്കുകയും ചെയ്തു.
ഇന്നലെ നിരാശ
ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്കിന് നിരാശയുടെ ദിനം. രണ്ടുപേർ മെഡൽ പോരാട്ടത്തിനിറങ്ങിയെങ്കിലും വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ അർജുൻ ബബുത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
20 ഷോട്ടുകളുള്ള ഫൈനലിൽ ഇന്ത്യൻ താരത്തിന് 208.4 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. മികച്ച തുടക്കമിട്ട ബബുത ഒരു ഘട്ടം വരെ വെള്ളി, വെങ്കല മെഡൽ പ്രതീക്ഷകൾ നിലനിർത്തി. അഞ്ചു ഷോട്ടുകളുള്ള ആദ്യ രണ്ടു റൗണ്ടിൽ 105.1 പോയിന്റ് നേടിയ ബബുത മൂന്നാമതായിരുന്നു. വെള്ളിക്ക് 0.1 പോയിന്റ് മാത്രം പിന്നിൽ.
മൂന്നാം റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി. അഞ്ചാം റൗണ്ടിൽ പതറിയെങ്കിലും ബബുത രണ്ടാം സ്ഥാനം നിലനിർത്തി. എന്നാൽ ആറാം റൗണ്ടിൽ പതറിപ്പോയ ഇന്ത്യൻ ഷൂട്ടർ മെഡൽ പട്ടികയിൽനിന്നു പുറത്തായി.
ചൈനയുടെ ലിയാഹോ ഷെങ് സ്വർണവും സ്വീഡന്റെ വിക്ടർ ലിൻഡ്ഗ്രെൻ വെള്ളിയും ക്രൊയേഷ്യയുടെ മിറൻ മരിസിച്ച് വെങ്കലവും നേടി.
വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ രമിത ജിൻഡാലിന് (145.3 പോയിന്റ്) ഏഴാംസ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. നാലാം സ്ഥാനവുമായാണ് രമിത ഫൈനലിലെത്തിയത്. എന്നാൽ ഈ പ്രകടനം മെഡൽ പോരാട്ടത്തിൽ പുറത്തെടുക്കാനായില്ല.