മെഡൽ പ്രതീക്ഷയിൽ ഇന്ത്യ
Sunday, July 28, 2024 2:14 AM IST
പാരീസ്: പാരീസ് ഒളിന്പിക്സിലെ ആദ്യ മെഡൽ പ്രതീക്ഷയിൽ ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണു ഫൈനൽ.
യോഗ്യതാ റൗണ്ടിലെ 580 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയാണ് ഭാകർ ഫൈനലിലെത്തിയത്. മെഡൽ പ്രതീക്ഷകളായിരുന്ന ഇന്ത്യയുടെ മറ്റു ഷൂട്ടർമാർ ആദ്യദിനത്തിൽ നിരാശപ്പെടുത്തിയപ്പോൾ ഭാകർ ഇന്ത്യക്ക് ആശ്വാസമായി. ഫൈനലിൽ എട്ടുപേരാണുള്ളത്.
യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യൻ ഷൂട്ടർ ഫൈനലിലെത്തിയത്. 27 ഇന്നർ സർക്കിൾ 10 (27x) ഇന്ത്യൻ ഷൂട്ടർ നേടി. യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ 27x ഇന്ത്യൻതാരത്തിനാണ്.
പാരീസ് ഒളിന്പിക്സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിലാണു ചൈനയുടെ ആദ്യ സ്വർണം. ഈ ഇനത്തിൽ മത്സരിച്ച ഇന്ത്യൻ ടീമുകൾക്കു ഫൈനലിലെത്താനായില്ല.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിലും ഇന്ത്യക്കാർക്ക് ഫൈനലിലെത്താനായില്ല. പുരുഷന്മാരുടെ തുഴച്ചിലിൽ ബൽരാജ് പൻവാർ ക്വാർട്ടർ പ്രതീക്ഷയിൽ ഇന്നിറങ്ങും.
പുരുഷന്മാരുടെ ടേബിൾ ടെന്നീസ് സിംഗിൾസിൽ ഹർമീത് ദേശായി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ട് മത്സരത്തിന് ശരത് കമൽ ഇന്നിറങ്ങും.പുരുഷ വിഭാഗം പൂൾ ബി ഹോക്കി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 3-2നു പരാജയപ്പെടുത്തി.