ജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്നു വിരമിച്ചു
Saturday, July 13, 2024 12:56 AM IST
ലണ്ടൻ: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിനുശേഷമാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ് വിരമിച്ചത്.
വിൻഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെ വിരമിക്കുമെന്ന് ആൻഡേഴ്സണ് നേരത്തേ അറിയിച്ചിരുന്നു. 21 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് നാൽപ്പത്തൊന്നുകാരനായ ജയിംസ് ആൻഡേഴ്സണ് വിരാമമിട്ടത്.
2010-11ൽ ആഷസ് ജയിച്ച ഇംഗ്ലണ്ടിന്റെ ഐതിഹാസിക നേട്ടത്തിലുൾപ്പെടെ പങ്കാളിയായിരുന്നു ആൻഡേഴ്സണ്. ഇംഗ്ലണ്ടിനൊപ്പം 83 ടെസ്റ്റ് ജയങ്ങളിൽ പങ്കാളിയായി ഈ പേസ് ബൗളർ.
704 വിക്കറ്റ്
ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ പേസ് ബൗളറാണ് ജിമ്മി. 188 മത്സരങ്ങളിൽനിന്ന് 704 വിക്കറ്റ്. സഹതാരമായിരുന്ന സ്റ്റൂവർട്ട് ബ്രോഡാണ് (604) പേസ് ബൗളർമാരിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്ത്.
ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സണ്. ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800), ഓസീസ് മുൻ സ്പിന്നർ ഷെയ്ൻ വോണ്‍ (708) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
വിൻഡീസിനെതിരായ ലോഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഒന്നും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 114 റണ്‍സിനും ജയം നേടി. സ്കോർ: വെസ്റ്റ് ഇൻഡീസ് 121, 136. ഇംഗ്ലണ്ട് 371.
2003 മേയ് 22ന് ലോഡ്സിൽ സിംബാബ്വെയ്ക്ക് എതിരേയായിരുന്നു ആൻഡേഴ്സന്റെ ടെസ്റ്റ് അരങ്ങേറ്റം. ലോഡ്സിൽതന്നെ വിരമിക്കൽ ടെസ്റ്റ് കളിക്കാനും ആൻഡേഴ്സനു സാധിച്ചു. ടെസ്റ്റ് കരിയറിൽ 32 അഞ്ച് വിക്കറ്റ് പ്രകടനം നടത്തി.