അട്ടിമറിച്ച് ട്രീസ, ഗായത്രി
Friday, May 31, 2024 2:41 AM IST
സിംഗപ്പുർ: ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം അട്ടിമറി ജയത്തോടെ സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിൾസ് ക്വാർട്ടറിൽ. ലോക രണ്ടാം നന്പർ താരങ്ങളായ ദക്ഷിണകൊറിയയുടെ ബീക് ഹന - ലീ സൊ ഹി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ ജോഡി പ്രീക്വാർട്ടറിൽ കീഴടക്കി.
കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസയും പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും 59 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. സ്കോർ: 21-9, 14-21, 21-15. ആദ്യ ഗെയിമിൽ ട്രീസ-ഗായത്രി സഖ്യം ഏകപക്ഷീയ ജയം സ്വന്തമാക്കി. ആദ്യമായാണ് ട്രീസ-ഗായത്രി സഖ്യം ബീക്-ലീ കൂട്ടുകെട്ടിനെ തോൽപ്പിക്കുന്നത്.
സിന്ധു, പ്രണോയ് പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പുറത്ത്. എട്ടാം റാങ്കുകാരനായ പ്രണോയിയെ 11-ാം റാങ്കുകാരനായ ജാപ്പനീസ് താരം കെന്റ നിഷിമോട്ടൊ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി, 21-13, 14-21, 21-15.
വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ പുറത്ത്. മൂന്നാം റാങ്കുകാരിയായ സ്പെയിനിന്റെ കരോളിന മാരിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധു തോൽവി സമ്മതിച്ചു. സ്കോർ: 21-13, 11-21, 20-22. ആദ്യ ഗെയിം നേടിയശേഷമായിരുന്നു സിന്ധുവിന്റെ തോൽവി.