രോഹിത് ഇംപാക്ട്!
Sunday, May 5, 2024 1:31 AM IST
“ആശാന്റെ നെഞ്ചത്തുതന്നെ കൊടുത്തു” ഇതായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചപ്പോഴുണ്ടായ ആദ്യ പ്രതികരണം. അതിന്റെ കാരണം ഒന്നുമാത്രം, മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവനിൽ രോഹിത് ശർമ ഉണ്ടായിരുന്നില്ല.
പുതിയ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ, തന്റെ മുൻ ക്യാപ്റ്റനായ രോഹിത്തിനെ ടീമിൽനിന്നുതന്നെ പുറത്താക്കി എന്നതായിരുന്നു വിമർശനം. എന്നാൽ, കഥയറിയാതെയുള്ള വിമർശനവും ട്രോളുമായിരുന്നു നടന്നതെന്നതായിരുന്നു വാസ്തവം.
രോഹിത് ശർമയ്ക്ക് ചെറിയ പുറംവേദനയുണ്ടായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ ഇംപാക്ട് പ്ലെയറാക്കിയത്- മത്സരശേഷം മുംബൈ ഇന്ത്യൻസ് സ്പിന്നർ പീയൂഷ് ചൗള പറഞ്ഞു. കോൽക്കത്തയ്ക്ക് എതിരേ മുംബൈ ഇന്ത്യൻസ് ആദ്യം ബൗളിംഗ് ചെയ്യുകയായിരുന്നു. അതുകൊണ്ട് രോഹിത് ശർമയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഇംപാക്ട് പ്ലെയറായി മുംബൈയുടെ ബാറ്റിംഗ് സമയത്ത് മാത്രം രോഹിത് കളത്തിലെത്തുകയായിരുന്നു.
ഇംപാക്ട് ഇഷ്ടമല്ലാത്ത രോഹിത്
ഏതാനംദിനങ്ങൾക്കു മുന്‍പാണ് ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ രീതിയെ രോഹിത് ശർമ വിമർശിച്ചത്. ഇംപാക്ട് പ്ലെയർ റൂൾ വ്യക്തിപരമായി ഇഷ്ടമില്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. ദിനങ്ങൾക്കുള്ളിൽ ഇംപാക്ട് പ്ലെയറായി സ്വയം ഇറങ്ങേണ്ട സാഹചര്യം രോഹിത് ശർമയ്ക്കുണ്ടായി എന്നതാണ് ശ്രദ്ധേയം.
ഇംപാക്ട് പ്ലെയറായി രോഹിത് ആദ്യമായി ഇറങ്ങിയ മത്സരത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ രോഹിത്തിനു സാധിച്ചില്ല. 12 പന്തിൽ ഒരു സിക്സിന്റെ അകന്പടിയോടെ 11 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സന്പാദ്യം. ഐപിഎല്ലിൽ സുനിൽ നരെയ്നു മുന്നിൽ എട്ടാം തവണയും രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തി.
നിർണായക കണക്കുകൾ
മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ കോൽക്കത്ത 24 റണ്‍സ് ജയം സ്വന്തമാക്കി. വാങ്കഡെയിൽ കോൽക്കത്തയുടെ രണ്ടാമത് മാത്രം ജയമാണ്. വാങ്കഡെയിൽ ഇരുടീമും 11 തവണ ഏറ്റുമുട്ടിയതിൽ ഒന്‍പത് ജയവും മുംബൈക്കായിരുന്നു.
മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയ മുംബൈ സ്പിന്നർ പീയൂഷ് ചൗള ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇരകളുള്ള രണ്ടാമത് ബൗളറായി. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ് (2008) മുതൽ കളിക്കുന്ന പീയൂഷ് ചൗളയ്ക്ക് 184 വിക്കറ്റായി. ഡ്വെയ്ൻ ബ്രാവോയെയാണ് (183) ചൗള മറികടന്നത്. യുസ്വേന്ദ്ര ചഹലാണ് (200) വിക്കറ്റ് വേട്ടയിൽ ഒന്നാമൻ.
കോൽക്കത്തയുടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുംബൈ പേസർ ജസ്പ്രീത് ബുംറ, വാങ്കഡെയിൽ 50 ഐപിഎൽ വിക്കറ്റ് എന്ന നേട്ടത്തിലുമെത്തി.