സെഞ്ചുറിക്ക് ഫുൾ മാർക്ക്
Thursday, April 25, 2024 2:19 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ.
കാരണം, സീസണിൽ ഫൈനൽ അടക്കം ആകെയുള്ള 74 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് x ലക്നോ സൂപ്പർ ജയ്ന്റ്സ് വരെയുള്ള 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഒന്പത് സെഞ്ചുറികൾ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അതോടെ 2024 എത്തി.
2022ൽ എട്ട് സെഞ്ചുറി പിറന്നതായിരുന്നു ഈ കണക്കിൽ ഇതുവരെ രണ്ടാം സ്ഥാനത്ത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദ് (60 പന്തിൽ 108 നോട്ടൗട്ട്), ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട്) എന്നിങ്ങനെ രണ്ട് സെഞ്ചുറിയാണ് സീസണിലെ 39-ാം മത്സരത്തിൽ പിറന്നത്.
ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് സെഞ്ചുറി പിറക്കുന്നത് ഇത് മൂന്നാം തവണയാണ്. ബംഗളൂരു x രാജസ്ഥാൻ, കോൽക്കത്ത x രാജസ്ഥാൻ മത്സരങ്ങളിലും രണ്ട് ടീമിലും സെഞ്ചുറിക്കാരുണ്ടായി. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി പിറന്നത് 2023ലാണ്, 12 എണ്ണം.
മാസ് മാർക്കസ്
2024 ഐപിഎല്ലിൽ മാർക്കസ് സ്റ്റോയിൻസ് നേടിയ 124 നോട്ടൗട്ട് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ്. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ചേസിംഗ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. 13 വർഷം മുന്പ് പഞ്ചാബിനായി പോൾ വാൽത്താട്ടി നേടിയ 120 നോട്ടൗട്ട് ഇതോടെ പഴങ്കഥ.