ലിവർ തകർന്നു
Saturday, April 13, 2024 1:18 AM IST
ലിവർപൂൾ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സിയെ തകർത്ത് ഇറ്റാലിയൻ സംഘമായ അറ്റലാന്റ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ ഇറ്റാലിയൻ ടീം 3-0ന്റെ ജയം ആഘോഷിച്ചു. ജിയാൻലൂക്ക സ്കമാക്കയുടെ (38’, 60’) ഇരട്ടഗോളാണ് അറ്റലാന്റയുടെ ജയത്തിൽ നിർണായകം. മരിയൊ പസാലിക്കിന്റെ (83’) വകയായിരുന്നു മറ്റൊരു ഗോൾ.
വിവിധ പോരാട്ടങ്ങളിലായി ആൻഫീൽഡിൽ 33 മത്സരങ്ങൾ തോൽവിയറിയാതെയുള്ള ലിവർപൂളിന്റെ കുതിപ്പിന് ഇതോടെ വിരാമമായി. ആൻഫീൽഡിൽ കളിച്ച രണ്ട് മത്സരത്തിലും ജയിക്കുന്ന ആദ്യ ടീം എന്ന ചരിത്രവും അറ്റലാന്റ കുറിച്ചു.
അപരാജിത ലെവർകൂസെൻ
2023-24 സീസണിൽ ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസെന്റെ അപരാജിത കുതിപ്പ്. യൂറോപ്പ ലീഗ് ആദ്യപാദ ക്വാർട്ടറിൽ ഹോം മത്സരത്തിൽ ലെവർകൂസെൻ 2-0ന് ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കി.
ജർമൻ ബുണ്ടസ് ലിഗയിൽ ലെവർകൂസെനു കിരീടം ഒരു ജയം മാത്രമകലെയാണ്. 2023-24 സീസണിൽ വിവിധ പോരാട്ടങ്ങളിലായി ലെവർകൂസെന്റെ 37-ാം ജയമാണ്, ആകെ 42 മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കി.