രാജസ്ഥാന് ആറ് വിക്കറ്റ് ജയം
Sunday, April 7, 2024 1:28 AM IST
ജയ്പുർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലിയുടെ (113 നോട്ടൗട്ട് ) സെഞ്ചുറിക്ക് ജോസ് ബട്ലറിന്റെ (100 നോട്ടൗട്ട്) സെഞ്ചുറിയിലൂടെ രാജകീയമായി രാജസ്ഥാൻ റോയൽസിന്റെ മറുപടി. രണ്ട് സെഞ്ചുറി പിറന്ന മത്സരത്തിൽ രാജസ്ഥാൻ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: ബംഗളൂരു 183/3 (20). രാജസ്ഥാൻ 189/4 (19.1).
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ സഞ്ജു സാംസൻ നയിക്കുന്ന രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം. എത്ര സ്കോർ പടുത്തുയർത്തിയാലും ഡിഫെൻഡ് ചെയ്യാൻ കെൽപ്പുള്ള ബൗളിംഗ് ഇല്ലെന്ന് അടിവരയിടുന്നതായിരുന്നു ബംഗളൂരുവിന്റെ തോൽവി. 58 പന്തിൽ നാല് സിക്സും ഒമ്പത് ഫോറും അടക്കമാണ് 100 റൺസുമായി ബട്ലർ പുറത്താകാതെ നിന്നത്. രാജസ്ഥാനു വേണ്ടി സഞ്ജു സാംസൺ 42 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം 62 റൺസ് നേടി. സഞ്ജു - ബട്ലർ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 148 റൺസ് നേടിയത് വിജയത്തിന് അടിത്തറയായി.
ആദ്യ സെഞ്ചുറി, 7500
17-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് വിരാട് കോഹ്ലിയുടെ ബാറ്റിൽനിന്ന് പിറന്നത്. നേരിട്ട 67-ാം പന്തിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. 72 പന്തിൽ നാല് സിക്സും 12 ഫോറും അടക്കം കോഹ്ലി 113 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിക്ക് ഒപ്പമാണ് കോഹ്ലി ഇന്നലെ നേടിയ ശതകം. ഐപിഎല്ലിൽ കോഹ്ലിയുടെ എട്ടാം സെഞ്ചുറിയാണ്. ഐപിഎല്ലിൽ 7,500 റണ്‍സും കോഹ്ലി പിന്നിട്ടു.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഓപ്പണർമാരായ കോഹ്ലിയും ഫാഫ് ഡുപ്ലസിയും ചേർന്ന് രാജസ്ഥാൻ ബൗളർമാരെ കണക്കിനു ശിക്ഷിച്ചു. ആദ്യ വിക്കറ്റിൽ 84 പന്തിൽ 125 റണ്‍സ് ഇരുവരും ചേർന്ന് ആർസിബി സ്കോർബോർഡിൽ എത്തിച്ചു.
14-ാം ഓവറിന്റെ അവസാന പന്തിൽ ഡുപ്ലെസിയെ ചാഹൽ പുറത്താക്കി. 33 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സായിരുന്നു ഡുപ്ലസിയുടെ സന്പാദ്യം. ഐപിഎൽ ചരിത്രത്തിൽ കോഹ്ലി-ഡുപ്ലെസി ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ അഞ്ചാമത് 100+ സ്കോറിംഗായിരുന്നു ഇന്നലെ പിറന്നത്. ഐപിഎൽ ചരിത്രത്തിൽ ഇരുവരും ആറ് 100+ കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുണ്ട്.
കോഹ്ലി + ഡുപ്ലെസി
കോഹ്ലിയും ഡുപ്ലെസിയും ചേർന്ന് ഐപിഎൽ ചരിത്രത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ 1432 റണ്‍സ് നേടി. ഐപിഎൽ ചരിത്രത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്‍സുള്ള സഖ്യം എന്ന റിക്കാർഡും ഇവർ സ്വന്തമാക്കി. ഡേവിഡ് വാർണർ-ജോണി ബെയസ്റ്റൊ കൂട്ടുകെട്ട് നേടിയ 1401 റണ്‍സ് ഇതോടെ പഴങ്കഥയായി.
കോഹ്ലി-ഡുപ്ലെസി കൂട്ടുകെട്ട് പൊളിഞ്ഞതോടെ ആർസിബിയുടെ വിക്കറ്റ് തുടരെ വീണു. ഗ്ലെൻ മാക്സ്വെൽ (1), സൗരവ് ചൗഹാൻ (9) എന്നിവർ വേഗത്തിൽ മടങ്ങി. ആറ് പന്തിൽ അഞ്ച് റണ്‍സുമായി കാമറൂണ്‍ ഗ്രീൻ കോഹ്ലിക്കൊപ്പം പുറത്താകാതെ നിന്നു.
സഞ്ജു @ 4000
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുന്നോട്ടുവച്ച 184 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ രാജസ്ഥാന് തുടക്കത്തിൽത്തന്നെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ യശസ്വി ജയ്സ്വാൽ (0) പുറത്ത്.
റീസ് ടോപ്ലിക്കായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണ് ഐപിഎല്ലിൽ 4000 റണ്‍സ് പിന്നിട്ടു. സഞ്ജു-ജോസ് ബട്ലർ കൂട്ടുകെട്ട് 63 പന്തിൽ 100 കടന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇവർ നേടിയത്.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
രാജസ്ഥാൻ 4 4 0 8
കോൽക്കത്ത 3 3 0 6
ചെന്നൈ 4 2 2 4
ലക്നോ 3 2 1 4
ഹൈദരാബാദ് 4 2 2 4
പഞ്ചാബ് 4 2 2 4
ഗുജറാത്ത് 4 2 2 4
ബംഗളൂരു 5 1 4 2
ഡൽഹി 4 1 3 2
മുംബൈ 3 0 3 0