ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
Saturday, March 23, 2024 1:31 AM IST
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന് വിസിൽ പോട്... ചാമ്പ്യന്റെ കളി കെട്ടഴിച്ച ചെന്നൈ ഐപിഎൽ 2024 സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് കീഴടക്കി. ലയൺ കിംഗായ ഋതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസിയിലെ കന്നി മത്സരത്തിൽ ജയത്തുടക്കം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുവച്ച 174 റൺസ് എന്ന ലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൂപ്പർ കിംഗ്സ് മറികടന്നു. സ്കോർ: ആർസിബി 173/6 (20). സിഎസ്കെ 176/4 (18.4). ഇംപാക്ട് പ്ലെയറായി എത്തിയ ശിവം ദുബെ 28 പന്തിൽ 34 റൺസുമായും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമായും പുറത്താകാതെ നിന്നു. ഋതുരാജ് (15), രചിൻ രവീന്ദ്ര (37), അജിങ്ക്യ രഹാനെ (27), ഡാരൽ മിച്ചൽ (22) എന്നിവരുടെ വിക്കറ്റാണ് ചെന്നൈക്ക് നഷ്ടപ്പെട്ടത്.
11.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റണ്സ് എന്ന നിലയിൽ കൂപ്പുകുത്തിയ റോയൽ ചലഞ്ചേഴ്സിനെ അനൂജ് റാവത്ത് ദിനേഷ് കാർത്തിക് എന്നീ വിക്കറ്റ് കീപ്പർ ബാറ്റർമാർ കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഒന്നിച്ച ഇവർ 50 പന്തിൽ 95 റണ്സ് അടിച്ചെടുത്തു. 25 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 48 റണ്സ് റാവത്ത് നേടി. 26 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം കാർത്തിക് 38 റണ്സുമായി പുറത്താകാതെനിന്നു. ഇന്നിംഗ്സിലെ അവസാന പന്തിൽ സിഎസ്കെ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ ത്രോയിൽ റാവത്ത് റണ്ണൗട്ടാകുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്ലിയും 27 പന്തിൽ 41 റണ്സ് നേടിയിരുന്നു. അതിൽ 23 പന്തിൽ 35 റണ്സ് ഡുപ്ലെസിയുടെ ബാറ്റിൽനിന്ന് പിറന്നു. ഡുപ്ലെസി പുറത്തായതോടെ ആർസിബിയുടെ വിക്കറ്റ് വീഴ്ചയാരംഭിച്ചു. മുസ്തഫിസുറിനായിരുന്നു ഡുപ്ലെസിയുടെ വിക്കറ്റ്. രണ്ട് പന്തിന്റെ ഇടവേളയിൽ രജത് പാട്ടിദാറിനെയും (0) മുസ്തഫിസുർ മടക്കി. തൊട്ടുപിന്നാലെ ദീപക് ചാഹറിന്റെ പന്തിൽ ഗ്ലെൻ മാക്സ്വെൽ ഗോൾഡൻ ഡെക്ക്. ഒരറ്റത്ത് പതുക്കെ പിടിച്ചുനിന്ന വിരാട് കോഹ്ലിയെയും (20 പന്തിൽ 21) മുസ്തഫിസുർ പറഞ്ഞയച്ചു.
രഹാനെയും രവീന്ദ്ര ജഡേജയും ചേർന്നുള്ള ഉജ്വല ഫീൽഡിംഗ് കോന്പിനേഷനിലൂടെയുള്ള മിന്നും ക്യാച്ചാണ് കോഹ് ലിയെ മടക്കിയത്. കാമറൂണ് ഗ്രീനിനും (22 പന്തിൽ 18) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്നായിരുന്നു റാവത്ത്-കാർത്തിക് സഖ്യത്തിന്റെ പോരാട്ടം എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറിയത്.
പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ആർസിബിക്ക് എതിരായത്.