അരേ വാഹ്! യുവ... ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ തിളങ്ങി ഇന്ത്യയുടെ യുവ താരങ്ങൾ
സ്പോർട്സ് ലേഖകൻ
Monday, March 11, 2024 1:16 AM IST
ഈ യൂത്തന്മാർക്ക് കൊട് ഒരു കുതിരപ്പവൻ... അതെ, ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ക്രിക്കറ്റിനെ ഇന്ത്യൻ മണ്ണിൽ കൊടികുത്താൻ അനുവദിക്കാതെ തുരത്തിയ യുവതാരങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല... വിരാട് കോഹ്ലി പൂർണമായി വിട്ടുനിന്ന പരന്പര, മുൻനിര ബാറ്റർമാരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യറും പരിക്കിനെത്തുടർന്ന് മുഖംകാണിച്ച് മടങ്ങിയ പരന്പര... ഇവരുടെ അഭാവത്തിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് സീരീസ് 4-1ന് ഇന്ത്യ സ്വന്തമാക്കി.
കാതുകുത്തിയവർ ഇല്ലാതിരുന്നപ്പോൾ കടുക്കനിട്ടവരായി എത്തിയ യുവതാരങ്ങളുടെ കരുത്തായിരുന്നു ഇന്ത്യയുടെ വിജയം. അവരെ നയിക്കാൻ രോഹിത് ശർമയെന്ന തന്ത്രജ്ഞനായ കപ്പിത്താനുണ്ടായിരുന്നു എന്നതും നിർണായകമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യൻ ഭാവി ശോഭനമാണെന്ന് തെളിയിച്ച യുവതാരങ്ങളുടെ പ്രകടനങ്ങളിലൂടെ...
ജയ്സ്വാൾ (22 വയസ്)
ഇംഗ്ലണ്ടിന് എതിരായ പരന്പരയ്ക്കു മുന്‍പ് യശസ്വി ജയ്സ്വാളിനുണ്ടായിരുന്നത് നാല് ടെസ്റ്റുകളുടെ മാത്രം പരിചയം. നാല് ടെസ്റ്റിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 316 റണ്‍സായിരുന്നു ജയ്സ്വാളിനുണ്ടായിരുന്നത്.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരന്പരയിലെ ഒന്‍പത് ഇന്നിംഗിൽനിന്ന് 712 റണ്‍സ് ഈ യുവ ഓപ്പണർ അടിച്ചെടുത്തു, രണ്ട് ഇരട്ടസെഞ്ചുറി ഉൾപ്പെടെയാണിത്. പരന്പരയിലെ റണ്‍വേട്ടയിൽ ഒന്നാമനും ജയ്സ്വാളാണ്. ഇംഗ്ലണ്ടിനെതിരായ പരന്പര കഴിഞ്ഞതോടെ ഒന്‍പത് ടെസ്റ്റിൽനിന്ന് 1028 റണ്‍സിലും ജയ്സ്വാൾ എത്തി. പരന്പരയുടെ താരമായതും ജയ്സ്വാൾതന്നെ.
ശുഭ്മാൻ ഗിൽ (24 വയസ്)
ഇന്ത്യൻ യുവാക്കളിൽ ടെസ്റ്റ് പരിചയം അല്പമെങ്കിലും ഉണ്ടായിരുന്നത് ശുഭ്മാൻ ഗില്ലിനായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്പോൽ 20 ടെസ്റ്റിൽ നിന്ന് രണ്ട് സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെ 1040 റണ്‍സായിരുന്നു ഗില്ലിന്റെ സന്പാദ്യം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലെ ഒന്‍പത് ഇന്നിംഗ്സിൽനിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 452 റണ്‍സ് ഗിൽ നേടി. മൂന്നാം നന്പർ ബാറ്റർ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഗില്ലിന്റേത്. പരന്പരയിൽ ജയ്സ്വാളിനു പിന്നിൽ റണ്‍വേട്ടയിൽ രണ്ടാനായിരുന്നു ഗിൽ.
സർഫറാസ് ഖാൻ (26 വയസ്)
ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരം വൈകിയെന്ന അഭിപ്രായം ന്യായീകരിക്കുന്നതായിരുന്നു സർഫറാസ് ഖാന്റെ പ്രകടനം. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ സർഫറാസ് മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിംഗ്സിൽനിന്ന് മൂന്ന് അർധസെഞ്ചുറിയുടെ സഹായത്തോടെ 200 റണ്‍സ് നേടി. മധ്യനിരയിൽ ഇന്ത്യയുടെ വിശ്വസ്തനാകാൻ തനിക്കു സാധിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു സർഫറാസിന്റെ അനായാസമായ ഇന്നിംഗ്സുകൾ.
ധ്രുവ് ജുറെൽ (23 വയസ്)
ഋഷഭ് പന്തിന്റെ അഭാവത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിക്കാനുള്ള പ്രകടനമാണ് ധ്രുവ് ജുറെൽ നടത്തിയത്. മൂന്ന് ടെസ്റ്റിലെ നാല് ഇന്നിംഗ്സിൽ നിന്ന് ഒരു അർധസെഞ്ചുറി ഉൾപ്പെടെ 190 റണ്‍സ് ജുറെൽ നേടി. റാഞ്ചി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 90ഉം രണ്ടാം ഇന്നിംഗ്സിൽ 39 നോട്ടൗട്ടുമായി പ്ലെയർ ഓഫ് ദ മാച്ച് ആയതും ജുറെൽ ആയിരുന്നു. ബാറ്റ് കൊണ്ടെന്നതുപോലെ വിക്കറ്റിനു പിന്നിലും മികച്ച പ്രകടനം ജുറെൽ കാഴ്ചവച്ചു. അഞ്ച് ക്യാച്ചും രണ്ട് സ്റ്റംപിംഗും ഈ യുവ താരം നടത്തി.
ദേവ്ദത്ത് പടിക്കൽ (23 വയസ്)
മുപ്പതുകാരനായ രജത് പാട്ടിദാർ (മൂന്ന് ടെസ്റ്റിലെ ആറ് ഇന്നിംഗ്സിൽനിന്ന് 63 റണ്‍സ്) തിളങ്ങാതിരുന്നതോടെയാണ് മലപ്പുറം എടപ്പാളിൽ ജനിച്ച്, കർണാടകയ്ക്കുവേണ്ടി ആഭ്യന്ത ക്രിക്കറ്റ് കളിക്കുന്ന ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചത്. ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ അരങ്ങേറിയ ദേവ്ദത്ത് കളിച്ച ഏക ഇന്നിംഗ്സിൽ അർധസെഞ്ചുറി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കഴിവ് വെളിപ്പെടുത്തുന്ന ഇന്നിംഗ്സായിരുന്നു 103 പന്ത് നേരിട്ട് ഒരു സിക്സും 10 ഫോറും ഉൾപ്പെടെ ദേവ്ദത്ത് നേടിയ 65 റണ്‍സ്.
ഇരുപത്തേഴുകാരനായ പേസർ ആകാഷ് ദീപായിരുന്നു ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയ മറ്റൊരു താരം. റാഞ്ചി ടെസ്റ്റിൽ മാത്രം കളിച്ച ആകാഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചുരുക്കത്തിൽ ഇംഗ്ലണ്ടിനെതിരേ പരന്പര നേടാൻ ഇന്ത്യയെ സഹായിച്ചത് യുവാക്കളുടെ ഈ പ്രകടനംതന്നെയാണ്. അരേ വാഹ്, യുവ ഇന്ത്യ...
അഞ്ച് അരങ്ങേറ്റം
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ അരങ്ങേറ്റക്കാർ ഇല്ലാതിരുന്നത്. വിശാഖപട്ടത്ത് നടന്ന രണ്ടാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പകരം രജത് പാട്ടിദാർ അരങ്ങേറി. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിൽ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെലും ടെസ്റ്റ് ക്യാപ് അണിഞ്ഞു. റാഞ്ചി ടെസ്റ്റിൽ പേസർ ആകാഷ് ദീപും ധരംശാലയിൽ ദേവ്ദത്ത് പടിക്കലും അരങ്ങേറി. അങ്ങനെ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യക്കായി അരങ്ങേറിയത് ആകെ അഞ്ച് താരങ്ങൾ. അരങ്ങേറിയ അഞ്ച് താരങ്ങളിൽ രജത് പാട്ടിദാർ ഒഴികെയുള്ള നാല് പേരും ശോഭിച്ചു.