തിരിച്ചടിക്കാൻ ബയേണ്‍
Tuesday, March 5, 2024 1:32 AM IST
മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ട് ഗോൾ വ്യത്യാസത്തിലുള്ള ജയം പ്രതീക്ഷിച്ച് ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക് സ്വന്തം തട്ടത്തിൽ. രണ്ടാംപാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ടീമായ ലാസിയൊയാണ് ബയേണിന്റെ എതിരാളികൾ.
ഇറ്റലിയിൽ നടന്ന ആദ്യപാദത്തിൽ ലാസിയൊ 1-0നു ജയിച്ചിരുന്നു. ഇതോടെ ചുരുങ്ങിയത് രണ്ട് ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ ബയേണിന് ക്വാർട്ടർ പ്രവേശം സാധ്യമാകൂ എന്ന അവസ്ഥയായി.
യുവേഫ ചാന്പ്യൻസ് ലീഗിൽ ജർമനിയിൽ ഇതുവരെ ലാസിയൊയ്ക്ക് എവേ ജയം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. നാല് തവണ ജർമൻ ടീമുകൾക്കെതിരേ കളിച്ചതിൽ രണ്ട് തോൽവിയും രണ്ട് സമനിലയുമായിരുന്നു.
ഫ്രഞ്ച് കരുത്തരായ പിഎസ്ജി സ്പാനിഷ് ടീമായ റയൽ സോസിദാദിനെ നേരിടും. സോസിദാദിന്റെ തട്ടകത്തിലാണ് മത്സരം. പാരീസിൽ നടന്ന ആദ്യപാദത്തിൽ പിഎസ്ജി 2-0നു ജയിച്ചിരുന്നു.