ബുംറയ്ക്ക് റെസ്റ്റ്...
Monday, February 19, 2024 11:23 PM IST
റാഞ്ചി: ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റ് കളിക്കില്ല. 23ന് റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും.
വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലടക്കം പേസ് ആക്രമണത്തിനു ചുക്കാൻ പിടിക്കേണ്ട ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. ധർമശാലയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ബുംറ കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല.
നാലാം മത്സരത്തിന്റെ ഫലമനുസരിച്ചാകും ബിസിസിഐയുടെ തീരുമാനം. പരന്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ റാഞ്ചിയിൽ ജയിച്ച് പരന്പര ഉറപ്പാക്കിയാൽ അഞ്ചാം മത്സരത്തിലും ബുംറ കരയ്ക്കിരിക്കാനാണ് സാധ്യത.
ഇംഗ്ലണ്ടിന് എതിരായ പരന്പരയിലെ മൂന്ന് മത്സരങ്ങളിൽനിന്നായി 17 വിക്കറ്റ് ബുംറ നേടിക്കഴിഞ്ഞു. വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന ബുംറയുടെ അഭാവം നികത്താൻ ഇന്ത്യൻ ടീമിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ബുംറയുടെ അഭാവത്തിൽ മറ്റാരെയും ടീമിലുൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ബംഗാൾ പേസർ ആകാശ് ദീപിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും.
രാഹുൽ റിട്ടേണ്‍സ്
മധ്യനിര ബാറ്ററായ കെ.എൽ. രാഹുൽ നാലാം ടെസ്റ്റിൽ ഇടംപിടിക്കാൻ സാധ്യത. പരിക്കിനെ തുടർന്ന് രണ്ടും മൂന്നും ടെസ്റ്റിൽനിന്ന് വിട്ടുനിന്ന രാഹുൽ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ 86, 22 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോർ.
അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ട്. രാഹുൽ തിരിച്ചെത്തിയാൽ രജത് പാട്ടിദർ ടീമിൽനിന്ന് പുറത്താകും.