രണ്ടാം നിരയ്ക്കെതിരേ ഒന്നാന്തരം ജയം
Thursday, February 8, 2024 2:29 AM IST
മൗണ്ട് മാംഗനൂയി: ബ്ലാക് ക്യാപ് പേസർ കൈലി ജാമിസണും സ്പിന്നർ മിച്ചൽ സാന്റ്നറും കിവികൾക്കൊരുക്കിയത് 281 റൺസിന്റെ ഗംഭീര വിജയം. ഒരു ദിവസം ശേഷിക്കേയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ പ്രോട്ടീസ് 247 റൺസിന് പുറത്തായി.
നാല് വിക്കറ്റുമായി ജാമിസണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാന്റ്നറുമാണ് കിവി വിജയം അനായാസമാക്കിയത്. ന്യൂസിലൻഡിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് (റൺസ് അടിസ്ഥാനത്തിൽ) മൗണ്ട് മാംഗനൂയിൽ പിറന്നത്.
രണ്ടാം ഇന്നിംഗ്സിൽ 529 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിനായി അർധസെഞ്ചുറി നേടിയ ബെഡിങ്ഹം (87) മാത്രമാണ് ചെറുത്തുനിന്നത്. ദക്ഷിണാഫ്രിക്ക 247 റണ്‍സിന് പുറത്തായി.
ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്രയാണ് കളിയിലെ താരം. ക്യാപ്റ്റൻ കെയ്ന്‍ വില്യംസൺ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു. സ്കോർ: ന്യൂസിലൻഡ്- 511 ,179/4 ഡിക്ലയേർഡ്. ദക്ഷിണാഫ്രിക്ക- 162, 247.
ചരിത്ര നേട്ടത്തിനരികെ
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് ന്യൂസിലന്‍ഡ് മുന്നിലെത്തി. 1931നുശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര ജയമെന്ന ചരിത്ര നേട്ടമാണ് കിവികളെ കാത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ രണ്ടാംനിര ടീമാണ് ന്യൂസിലൻഡിനെ നേരിടുന്നത്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തി.