തിരിച്ചെത്തുമോ...? കോഹ്ലി
Wednesday, February 7, 2024 1:00 AM IST
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി തിരിച്ചെത്തുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. വ്യക്തിപരമായ കാരണങ്ങളാൽ അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ട് പോരാട്ടങ്ങളിൽനിന്നും കോഹ്ലി മാറിനിൽക്കുകയായിരുന്നു.
കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്നതിനാലാണ് സൂപ്പർ ബാറ്റർ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽനിന്നും മാറിനിന്നത് എന്നാണ് റിപ്പോർട്ട്.
കോഹ്ലിയുടെ അഭാവം ഇന്ത്യൻ ടീമിൽ ഉണ്ടെന്ന് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ മധ്യനിരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും ആരും ശോഭിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പീറ്റേഴ്സണ് ഈ അഭിപ്രായം പങ്കുവച്ചത്.
15 മുതൽ രാജ്കോട്ടിലാണ് മൂന്നാം മത്സരം. രണ്ടാം മത്സരത്തിനുശേഷം കോഹ്ലിയുടെ മടങ്ങിവരവിനെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകിയ മറുപടി സെലക്ടർമാരോട് ചോദിക്കുക എന്നായിരുന്നു. അതേസമയം, രണ്ടാം ടെസ്റ്റിനുശേഷം ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ എന്നിവർ മൈതാനത്തുവച്ചുതന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.
രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി എന്നിങ്ങനെ മൂന്ന് മുൻനിര താരങ്ങളുടെ അഭാവത്തിലായിരുന്നു ഇന്ത്യ വിശാഖപട്ടണം ടെസ്റ്റിൽ ജയം നേടിയത്. അതും നാലാംദിനം ഇന്ത്യ ജയത്തിലെത്തി. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
ബുംറയ്ക്ക് വിശ്രമം?
രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ മൂന്നാം മത്സരത്തിൽ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ടുണ്ട്. വിശാഖപട്ടണം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ മൂന്നും ഉൾപ്പെടെ ആകെ ഒന്പത് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
ബുംറയ്ക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് സിറാജിനെ തിരിച്ച് വിളിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് സിറാജിനെ റിലീസ് ചെയ്തിരുന്നു. അതേസമയം, ആദ്യ ടെസ്റ്റിൽ സിറാജിന് രണ്ട് ഇന്നിംഗ്സിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിരുന്നില്ല.