അൽകരസ് ഔട്ട്!
Thursday, January 25, 2024 1:25 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ വന്പൻ അട്ടിമറി. പുരുഷ സിംഗിൾസ് ലോക രണ്ടാം നന്പറായ സ്പെയിനിന്റെ കാർലോസ് അൽകരസിനെ ആറാം നന്പർ താരം ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ക്വാർട്ടറിൽ കീഴടക്കി.
നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയായിരുന്നു സ്വരേവിന്റെ ജയം. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട അൽകരസ് മൂന്നാം സെറ്റ് സ്വന്തമാക്കി തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്കോർ: 6-1, 6-3, 6-7 (2-7), 6-4.
മറ്റൊരു ക്വാർട്ടറിൽ മൂന്നാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ് ഒന്‍പതാം സീഡുകാരനായ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാക്സിനെ അഞ്ച് സെറ്റ് നീണ്ട മത്സരത്തിലൂടെ കീഴടക്കി. 7-6 (7-4), 2-6, 6-3, 5-7, 6-4 എന്ന സ്കോറിനായിരുന്നു മെദ്വദേവിന്റെ ക്വാർട്ടർ ജയം.
സെമി ലൈനപ്പ്
പുരുഷ സിംഗിൾസ് സെമി ഫൈനൽ ലൈനപ്പ് ഇതോടെ വ്യക്തമായി. ഒന്നാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് നാലാം സീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെയും മൂന്നാം സീഡായ മെദ്വദേവ് ആറാം സീഡായ സ്വരേവിനെയും നേരിടും. വെള്ളിയാഴ്ചയാണ് പുരുഷ സിംഗിൾസ് സെമി.
ഇന്നു നടക്കുന്ന വനിതാ സിംഗിൾസ് സെമിയിൽ നാലാം സീഡായ അമേരിക്കയുടെ കൊക്കോ ഗഫ് രണ്ടാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്കയെയും 12-ാം സീഡായ ചൈനയുടെ ക്വിൻവെൻ ഷെങ് സീഡില്ലാത്ത യുക്രെയ്ൻ താരം ദയാന യാസ്ട്രോംസ്കയെയും നേരിടും.
കൊക്കൊ ഗഫ് x അരിന സബലെങ്ക പോരാട്ടം ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ക്വിൻവെൻ ഷെങും ദയാന യാസ്ട്രോംസ്കയും തമ്മിലുള്ള സെമി 3.15നും.