അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു ജയത്തുടക്കം
Sunday, January 21, 2024 1:15 AM IST
ബ്ലൂംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യക്ക് വിജയത്തുടക്കം. ഏഷ്യ കപ്പ് ജേതാക്കളായ ബംഗ്ലാദേശിനെ 84 റണ്‍സിന് ഇന്ത്യ കീഴടക്കി.
ഏഷ്യ കപ്പ് സെമിയിൽ ബംഗ്ലാദേശിനോടേറ്റ തോൽവിക്കും ഇതോടെ ഇന്ത്യ പ്രതികാരം ചെയ്തു. ചാന്പ്യന്റെ കളിക്കെട്ടഴിച്ച് മികച്ച ഓൾ റൗണ്ട് പ്രകടനത്തോടെയാണ് ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ ജയം. സ്കോർ: ഇന്ത്യ 251/7 (50). ബംഗ്ലാദേശ് 167 (45.5).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 7.2 ഓവറിൽ 31 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. എന്നാൽ, ഓപ്പണർ ആദർശ് സിംഗും (96 പന്തിൽ 76) ക്യാപ്റ്റൻ ഉദയ് സഹാരനും (94 പന്തിൽ 64) രക്ഷാപ്രവർത്തനം നടത്തി ഇന്ത്യയെ കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീടെത്തിയ പ്രിയാൻഷു മോലിയ (42 പന്തിൽ 23) ഇഴഞ്ഞുനീങ്ങിയത് ഇന്ത്യൻ സ്കോറിംഗിനെ പ്രതികൂലമായി ബാധിച്ചു.
20 പന്തിൽ 26 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിൻ ദാസും 17 പന്തിൽ 23 റണ്‍സ് നേടിയ അവാനിഷ് റാവുവുമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. ബംഗ്ലാദേശിനായി മറൂഫ് മൃദ എട്ട് ഓവറിൽ 43 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദർശ് സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റ് കൃത്യമായ ഇടവേളയിൽ ഇന്ത്യ വീഴ്ത്തി. 77 പന്തിൽ 54 റണ്‍സ് നേടിയ മുഹമ്മദ് ഷിഹാബ് ജയിംസാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ആറാം നന്പറായാണ് മുഹമ്മദ് ഷിഹാബ് ക്രീസിലെത്തിയത്. അരിഫുൾ ഇസ്ലാം 71 പന്തിൽ 41 റണ്‍സ് നേടി. ഇന്ത്യക്കുവേണ്ടി സൗമി കുമാർ പാണ്ഡെ 9.5 ഓവറിൽ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
പാക്കിസ്ഥാനു ജയം
ഗ്രൂപ്പ് ഡിയിൽ പാക്കിസ്ഥാൻ 181 റണ്‍സിന് അഫ്ഗാനിസ്ഥാനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സ് നേടി. 26.2 ഓവരിൽ 103 റണ്‍സിന് അഫ്ഗാനിസ്ഥാൻ പുറത്ത്. പാക്കിസ്ഥാനുവേണ്ടി ഷാസൈബ് ഖാൻ (126 പന്തിൽ 106 റണ്‍സ്) സെഞ്ചുറി നേടി. ഷാസൈബാണ് പ്ലെയർ ഓഫ് ദ മാച്ച്.